08 December Sunday

വായനാ വണ്ടിക്ക്‌ ഒരു ലോഡ്‌ പുസ്‌തകം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ഭഗവതിനട യുപിഎസിലെ കുട്ടികൾ പുസ്തകശേഖരണത്തിനായി തിക്കുറിശ്ശി ഗംഗാധരന്റെ വീട്ടിലെത്തിയപ്പോൾ

ബാലരാമപുരം 
പുസ്തകവണ്ടിയുമായി കുട്ടികൾ വീട്ടുമുറ്റത്തെത്തിയപ്പോൾ ഭാഷാപണ്ഡിതനായ തിക്കുറിശ്ശി ഗംഗാധരന്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. വിലയേറിയ ശേഖരത്തിലെ പുസ്തകങ്ങളുടെയും ഓരോ പതിപ്പ് ചേർത്ത്‌ ഒരു ലോഡ്‌ പുസ്‌തകം കുട്ടികൾക്ക്‌ നൽകി. ഒപ്പം ഭാഷയോടും വായനയോടും നീതി പുലർത്തുന്ന പുതുതലമുറയ്‌ക്ക്‌ ഹൃദയം ചേർത്ത അഭിനന്ദനവും.
 
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സർഗവായന സമ്പൂർണ വായന പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളിൽ വായനശാല സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഭഗവതിനട ഗവ. യുപിഎസിലെ കുട്ടികൾ തെക്കൻ പാട്ടുകളുടെ ഗവേഷണ പണ്ഡിതനായ തിക്കുറിശ്ശി ഗംഗാധരന്റെ ഭഗവതിനടയിലെ കൈരളി സദനത്തിലെത്തിയത്. 
വീട്ടിലെത്തിയ എല്ലാ കുട്ടികൾക്കും ഹോം ലൈബ്രറി സ്ഥാപിക്കാനും അദ്ദേഹം പുസ്തകം നൽകി.
 
 പുസ്തക സമാഹരണത്തിന് ഹെഡ്മാസ്റ്റർ ആർ മുരളീധരൻ, എസ്എംസി ചെയർമാൻ രമേശ്, അധ്യാപകരായ എം ആർ സുധീർ, ഫിലോമിന, പിടിഎ,- എംപിടിഎ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അധ്യാപനവൃത്തിക്കിടെ ദീർഘകാലം എസ്എംവി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്ന തിക്കുറിശ്ശി ഗംഗാധരൻ ക്ലാസ് റൂം ലൈബ്രറിയെന്ന ആശയത്തെ മാതൃകാപരമായാണ്‌ കാണുന്നത്‌.
 
പ്രധാന വാർത്തകൾ
 Top