22 October Tuesday

ഓർമകളിലെ ഓണം തിരിച്ചുനൽകി കുട്ടിക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

കാട്ടാക്കട 

ഓണവും ഓണസദ്യയും പലരും മറന്നുതുടങ്ങിയിരുന്നു. കട്ടിലിൽ കഴിയുന്ന അവർക്കിടയിലേക്കാണ്‌ പാട്ടും മേളവുമായി.. സദ്യയും കോടികളുമായി കുട്ടിക്കൂട്ടം കടന്നുവന്നത്‌. കള്ളിക്കാട്‌ പഞ്ചായത്തിലെ വിവിധ വീടുകളിലെ കിടപ്പുരോഗികൾക്കാണ്‌ ഓർമകളിലേക്ക്‌ ഒരു തിരിച്ചുപോക്കിന്‌ വിദ്യാർഥികൾ അവസരമൊരുക്കിയത്‌. നെയ്യാർഡാം സ്‌കൂളിലെ എൻഎസ്എസ് വളന്റിയർമാരാണ്‌ സ്വന്തം വീട്ടിൽനിന്നു സദ്യയെത്തിച്ചത്‌. ഓണക്കോടികളുമായെത്തിയ അവർ  മുത്തച്ഛൻമാരെയും മുത്തശ്ശിമാരെയും ഊട്ടിയും ഒപ്പമുണ്ടും ഓണപ്പാട്ടുകൾ പാടിയും അൽപനേരത്തേക്കെങ്കിലും വാർധക്യവ്യഥകളകറ്റി. പലരും സദ്യ കഴിച്ചിട്ട് വർഷങ്ങളായി എന്ന അറിവ് കൂടിയിരുന്നവരുടെ കണ്ണിൽ നനവ് പടർത്തി. വിദ്യാർഥികൾക്കൊപ്പം പ്രിൻസിപ്പൽ കൗസ്തുഭം, പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ എന്നിവർ  പിന്തുണയുമേകി.

പ്രധാന വാർത്തകൾ
 Top