19 February Tuesday
യൂണിവേഴ്സിറ്റി കോളേജ് ശതോത്തര സുവര്‍ണ ജൂബിലി

'ഒരു വട്ടംകൂടി' പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2017

തിരുവനന്തപുരം > യൂണിവേഴ്സിറ്റി കോളേജ് ശതോത്തര സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 'ഒരു വട്ടംകൂടി' എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുമെന്ന് അലുമ്നി അസോസിയേഷന്‍ പ്രസിഡന്റ് എസ് പി ദീപക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച പകല്‍ 11ന് കോളേജ് അങ്കണത്തില്‍ ഗവര്‍ണര്‍ പി സദാശിവം സംഗമം ഉദ്ഘാടനംചെയ്യും. മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. കവയിത്രി സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തും. മണ്‍മറഞ്ഞ പ്രതിഭകളായ എ ആര്‍ രാജരാജവര്‍മ, കെ ആര്‍ നാരായണന്‍, ഒ എന്‍ വി എന്നിവര്‍ക്ക് ഗുരുവന്ദനം നടത്തും. എ ആര്‍ രാജരാജവര്‍മ എന്‍ഡോവ്മെന്റ് ഒന്നാം റാങ്കുകാര്‍ക്ക് ഗവര്‍ണര്‍ സമ്മാനിക്കും. കെ ആര്‍ നാരായണന്‍ അനുസ്മരണ പ്രഭാഷണവും ഗവര്‍ണര്‍ നടത്തും. പകല്‍ 12ന് മുന്‍ പ്രിന്‍സിപ്പല്‍മാരെ ആദരിക്കും. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഡിപ്പാര്‍ട്ട്മെന്റില്‍ ഒത്തുചേരും. മുന്‍കാല അധ്യാപകരെ ആദരിക്കും. വൈകിട്ട് 5.30ന് ഒ എന്‍ വി സ്മൃതി ചീഫ്സെക്രട്ടറി എസ് എം വിജയാനന്ദ് ഉദ്ഘാടനംചെയ്യും. പിരപ്പന്‍കോട് മുരളി ഒ എന്‍ വി അനുസ്മരണം നടത്തും. സംവിധായകന്‍ ടി കെ രാജീവ്കുമാര്‍, ഗായകന്‍ ജി വേണുഗോപാല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. പി എം ബിനുകുമാര്‍ കോളേജിനെക്കുറിച്ചെഴുതിയ കലാലയ സ്മരണകള്‍, ഗിരീഷ് പുലിയൂര്‍ രചിച്ച കവിത എന്നിവയുടെ പ്രകാശനവും ഉണ്ടാകും. കോളേജിലെ പ്രമുഖ വിദ്യാര്‍ഥികളെക്കുറിച്ച് പി കെ രാജശേഖരന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ജി വേണുഗോപാല്‍, ജാസി ഗിഫ്റ്റ്, ശ്രീറാം, എം എസ് ജോബി, സുധീര്‍ കരമന എന്നിവര്‍ നയിക്കുന്ന കലാസന്ധ്യ. പ്രൊഫ. സുകുമാരന്‍, സുനില്‍, ഹരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top