21 October Monday

മറുവീടിനെത്തിയവർക്കുനേരെ ആക്രമണം: 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019
 
ചിറയിൻകീഴ് 
വിവാഹ മറുവീടിനിടെ വാക്കേറ്റത്തിലും മർദനത്തിലും നാലുപേർക്ക് പരിക്ക്. കടയ്ക്കാവൂർ തിനവിള സ്വദേശി സജുവിന്റെ വീടുകാണൽ ചടങ്ങിനെത്തിയവർക്കാണ് സാമൂഹ്യവിരുദ്ധരിൽനിന്ന് അക്രമം നേരിട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അശ്വതിയും സജുവുമായുള്ള വിവാഹം നെടുമങ്ങാട്‌ വച്ച്‌ നടന്നിരുന്നു. വൈകിട്ട്‌ വധുവിന്റെ വീട്ടിൽനിന്ന് നാലു ടെമ്പോയിലായി എത്തിയവർ വരന്റെ വീട്ടിന് സമീപത്തെ നെടുമങ്ങാട് സ്വദേശിയുടെ വീട്ടിന് മുന്നിൽ ടെമ്പോ നിർത്തി ചില സ്ത്രീകൾ ഇറങ്ങി പരിചയം പുതുക്കി. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ചിലർ ഇവരെ ശല്യം ചെയ്തു. ഇത് ചോദ്യംചെയ്ത ടെമ്പോയിലുണ്ടായിരുന്ന ഒരാളെ ഇവർ സംഘം ചേർന്ന് മർദിച്ചു. 
 
തുടർന്ന്‌, വരന്റെ വീടുകാണൽ ചടങ്ങ് കഴിഞ്ഞ് തിരികെവരുന്ന വഴി തിനവിള ജങ്‌ഷനുസമീപം നാല് ടെമ്പോയും അക്രമികൾ തടഞ്ഞ് അതിലെ ആണുങ്ങളെ മർദിച്ചു. നാലുപേർക്ക് പരിക്കേറ്റു. സ്‌ത്രീകളുടെ നിലവിളികേട്ട് സമീപവാസികൾ എത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. ടെമ്പോയിലുണ്ടായിരുന്ന ഒരാൾ പൊലീസിൽ സഹായം അഭ്യർഥിച്ചു. അരമണിയ്ക്കൂർ കഴിഞ്ഞ് കടയ്ക്കാവൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി ടെമ്പോ കസ്റ്റഡിയിൽ എടുത്തു. രാത്രി വൈകിയും ടെമ്പോ വിട്ടു നൽകാത്തതിനാൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുളളവർ സ്റ്റേഷന് മുൻവശത്ത് കാത്തിരുന്നു. രാത്രി പത്തോടുകൂടി കേസ്‌ ഒത്തുതീർപ്പായി ടെമ്പോ വിട്ടുനൽകി.
പ്രധാന വാർത്തകൾ
 Top