21 October Monday

വിശ്വസിച്ചുവാങ്ങാം, വിലയും കുറവ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2019

ഹോർടികോർപ്പിന്റെ ഓണസമൃദ്ധി പച്ചക്കറി ചന്തയിൽനിന്ന്‌

 
തിരുവനന്തപുരം
ഓണത്തിന്‌ പച്ചക്കറി വിപണിയിലെ പൊള്ളുന്ന വില കണ്ട്‌ ഞെട്ടണ്ട. വിഷരഹിത നാടൻ പച്ചക്കറിയും പഴവുമെല്ലാം കുറഞ്ഞവിലയിൽ "ഓണസമൃദ്ധി'യിലുണ്ട്‌. തക്കാളിക്ക്‌ പുറത്ത്‌ കിലോ 40 രൂപയാണെങ്കിൽ ഓണസമൃദ്ധിയിൽ 30 രൂപ മാത്രം. കാരറ്റിന്‌ വിപണിയിൽ 60 മുതൽ 80 രൂപവരെ വില വരുമ്പോൾ ഇവിടെ 31 രൂപ. 80 രൂപയുള്ള പയർ 60നും 50 രൂപയുള്ള വെണ്ട 30നും വാങ്ങാം. 
 
ഏത്തപ്പഴത്തിനും വൻ വിലക്കുറവ്‌. പുറത്ത്‌ 70 രൂപയാകുമ്പോൾ ഇവിടെ നാടൻ ഏത്തപ്പഴത്തിന്‌ 47 രൂപ. സവാള കിലോക്ക്‌ 32, ഉരുളക്കിഴങ്ങ്‌ (24), കാബേജ്‌ (28), ഇഞ്ചി (140), ചേന (21) എന്നിങ്ങനെ വിലക്കുറവിന്റെ പട്ടിക നീളുന്നു. 63 ഇനം പഴം, പച്ചക്കറികളാണ്‌ ഓണസമൃദ്ധിയിലുള്ളത്‌. "‘ഓണത്തിനെല്ലാം പച്ചക്കറി വാങ്ങാൻ സാധാരണ 1000 രൂപയെങ്കിലും വേണം. ഇപ്പോൾ 500 രൂപയ്‌ക്ക്‌ നല്ല നാടൻ പഴവും പച്ചക്കറിയുമെല്ലാം കിട്ടി. ഇവിടെയാകുമ്പോൾ വിശ്വസിച്ച്‌ വാങ്ങാം. വിലയും കുറവ്‌’’. പാളയത്തെ ഹോർട്ടികോർപ്പിലുള്ള ഓണസമൃദ്ധിയിൽ പച്ചക്കറി വാങ്ങാനെത്തിയ റിട്ട. ഐഎസ്‌ആർഒ ഉദ്യോഗസ്ഥൻ ചന്ദ്രബാലൻ പറഞ്ഞു.
 
252 ഓണസമൃദ്ധി ചന്തകളാണ്‌ ശനിയാഴ്‌ച മുതൽ ജില്ലയിൽ ആരംഭിച്ചത്‌. ഹോർട്ടികോർപ് 128, കൃഷിവകുപ്പ് 107, വിഎഫ്പിസികെ 17 എന്നിങ്ങനെയാണ് വിപണികൾ. പച്ചക്കറിച്ചന്തകൾ എവിടെയെല്ലാമാണെന്ന്‌ അറിയാൻ ഓണവിപണി 2019 എന്നപേരിൽ ആപ്പും പുറത്തിറക്കി. ചൊവ്വാഴ്‌ചവരെയാണ്‌ ചന്തകൾ. 
സംസ്ഥാനത്താകെ 2000 ഓണസമൃദ്ധികളാണുള്ളത്‌. കർഷകരിൽനിന്ന്‌ വിപണിവിലയേക്കാൾ 10 ശതമാനം അധികംനൽകി സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ 30 ശതമാനംവരെ വിലക്കുറവിലാണ്‌ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്‌. ഓണത്തോട്‌ അനുബന്ധിച്ച്‌ വിപണിയിൽ നിത്യോപയോഗസാധനങ്ങളുടെ വില കുത്തനെ ഉയരുന്നത്‌ പിടിച്ചുനിർത്തുകയെന്ന ലക്ഷ്യവുമായാണ്‌ സർക്കാർ ചന്തകൾ തുറന്നത്‌.
പ്രധാന വാർത്തകൾ
 Top