29 July Thursday
ദുരിതത്തില്‍ കൈത്താങ്ങായവര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ആദരം

ദുരിതാശ്വാസത്തിൽ ജില്ലയുടെ പങ്ക്‌ വലുത്‌: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2019
തിരുവനന്തപുരം
രണ്ടുവർഷമായി കേരളം നേരിടുന്ന പ്രളയക്കെടുതികളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തലസ്ഥാനജില്ലയുടെ പങ്കാളിത്തം മാതൃകാപരമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മാതൃകാപരമായ നേതൃത്വം നൽകി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈത്താങ്ങായ തിരുവനന്തപുരം  ജില്ലയിലെ തദ്ദേശ  സ്ഥാപനങ്ങളെയും സന്നദ്ധപ്രവർത്തകരെയും ആദരിക്കാനായി ജില്ലാപഞ്ചായത്തും ജില്ലാ ആസൂത്രണസമിതിയും സംഘടിപ്പിച്ച  ചടങ്ങ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
 
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ, ജില്ലയിലെ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടുകളുപയോഗിച്ചാണ്‌ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്‌. അഭിമാനകരമായ പ്രവർത്തനമായിരുന്നു അത്‌. ദുരന്തമേഖലയിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ജില്ലാ ആസൂത്രണസമിതി മുന്നിട്ടിറങ്ങി നടത്തിയ ഇടപെടലുകൾ വാക്കുകൾക്ക്‌ അതീതമാണ്‌. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ശുചീകരണത്തിന്‌ നിസ്തുല സഹായം നൽകി. മെഡിക്കൽ ക്യാമ്പുകളും  അവശ്യമരുന്നുകളും കൗൺസലിങ്ങുമടക്കമുള്ള സഹായങ്ങൾ എത്തിച്ചു. ഇത്തവണ വലിയ ദുരന്തം നേരിടേണ്ടിവന്ന വയനാട്‌, നിലമ്പൂർ മേഖലയിലെ ജനങ്ങൾക്ക്‌ സഹായം എത്തിക്കുന്ന ഉത്തരവാദിത്തം ആത്മാർഥമായും കാര്യക്ഷമമായും നിറവേറ്റി. 
ജില്ലാ ആസൂത്രണസമിതി, ജില്ലാപഞ്ചായത്ത്‌, തിരുവനന്തപുരം കോർപറേഷൻ, നഗരസഭകൾ ഉൾപ്പെടെ മികച്ച പ്രവർത്തനം നടത്തി. നാട്ടിലുള്ളവരെല്ലാം സന്നദ്ധപ്രവർത്തകരാകുന്ന നിലയിലേക്കുള്ള മേൽനോട്ടപ്രവർത്തനങ്ങളാണ്‌ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
അവശ്യവസ്തുക്കൾ എത്തിച്ചുകൊടുക്കാനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി നാലായിരത്തിൽപ്പരം സന്നദ്ധ പ്രവർത്തകരാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽനിന്നായി സേവനമനുഷ്‌ഠിച്ചത്. 
 
ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനായി. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ കൈത്താങ്ങായ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടി ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു, കോർപറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ശ്രീകുമാർ, നെടുമങ്ങാട്‌ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ബിജു തുടങ്ങിയവർ മുഖ്യമന്ത്രിയിൽനിന്ന്‌ ഉപഹാരം സ്വീകരിച്ചു. വി എസ്‌ ശിവകുമാർ എംഎൽഎ, ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ഷൈലജാ ബീഗം, സ്ഥിരം സമിതി അധ്യക്ഷരായ ബി പി മുരളി, അഡ്വ. എസ്‌ കെ പ്രീജ, കൗൺസിലർ എം ജയലക്ഷ്‌മി തുടങ്ങിയവർ സംസാരിച്ചു. വി കെ മധു സ്വാഗതവും ജില്ലാ പ്ലാനിങ്‌ ഓഫീസർ വി എസ്‌ ബിജു നന്ദിയും പറഞ്ഞു. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വിതുര പഞ്ചായത്തിന്റെ സംഭാവന അഞ്ചുലക്ഷം രൂപയുടെ ചെക്ക്‌ ചടങ്ങിൽ കൈമാറി.
 ജില്ലാപഞ്ചായത്ത്‌ 50 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു. 
 
‘പരിസ്ഥിതിദുരന്തങ്ങളും പ്രാദേശികാസൂത്രണവും’  സെമിനാറിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ എൻ ഹരിലാൽ വിഷയം അവതരിപ്പിച്ചു.  വി കെ മധു അധ്യക്ഷനായി. അഡ്വ. പി വിശ്വംഭരപണിക്കർ, ജോയ്‌ ഇളമൺ, ഡോ. കെ എൻ ഗംഗാധരൻ, കെ ബൈജു, ശിവൻകുട്ടി ഐലത്തിൽ എന്നിവർ സംസാരിച്ചു. ഷാജി ബോൺസ്ലേ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top