26 September Saturday

കനത്ത മഴ; 7 ക്യാമ്പ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കനത്ത മഴയിൽ നാവായിക്കുളം കോട്ടറക്കോണം നെല്ലിക്കാട്ടു വീട്ടിൽ കരുണന്റെ പറമ്പിലെ വാഴകൾ ഒടിഞ്ഞുവീണ നിലയിൽ

തിരുവനന്തപുരം

ജില്ലയിലുണ്ടായ കനത്ത മഴയിൽ 182 വീട്‌ ഭാഗികമായും 37 വീട്‌ പൂർണമായും തകർന്നു. വലിയതുറ യുപി സ്‌കൂൾ, ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽഎഫ്എംഎസ്‌സി എൽപി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പ്‌ ആരംഭിച്ചു. 154 കുടുംബം ഉൾപ്പെടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചൂ. വലിയതുറ യുപി സ്‌കൂളിലാണ് ഏറ്റവുമധികം പേരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. 317 പേർ. ശംഖുംമുഖത്ത് വെള്ളിയാഴ്‌ചയുണ്ടായ കടൽക്ഷോഭത്തിൽ രണ്ട്‌ വീട്‌ ഭാഗികമായി തകർന്നു. വർക്കല താലൂക്കിൽ ആറ് വീടുകൾക്കും ചിറയിൻകീഴ് താലൂക്കിൽ നാല് വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. മഴക്കെടുതിയിൽ 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചതായി ജില്ലാ അധികൃതർ അറിയിച്ചു. 

3 ഡാം തുറന്നു

കനത്ത മഴയെത്തുടർന്ന്‌ അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറും 25 സെന്റീമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്റെ രണ്ട്‌ ഷട്ടർ 15 സെന്റീമീറ്റർ വീതവും അരുവിക്കര ഡാമിന്റെ മൂന്ന്‌ ഷട്ടറിൽ രണ്ടെണ്ണം 50 സെന്റീമീറ്റർ വീതവും ഒരെണ്ണം 25 സെന്റീമീറ്ററുമാണ്‌ ഉയർത്തിയത്‌.

നാവായിക്കുളം മേഖലയിൽ വ്യാപക കൃഷിനാശം

കിളിമാനൂർ

തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും നാവായിക്കുളം മേഖലയിൽ വ്യാപക കൃഷിനാശം. കോട്ടറക്കോണം ജെ ജെ മൻസിലിൽ ജലീലിന്റെ  അമ്പതോളം വാഴകളും കോട്ടറക്കോണം നെല്ലിക്കാട്ടു വീട്ടിൽ കരുണന്റെ ഇരുനൂറോളം വാഴകളും കുടവൂർ സ്വദേശി രവിയുടെ മുപ്പത്തഞ്ചോളം വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. പലയിടങ്ങളിലും കൃഷികൾ വെള്ളത്തിനടിയിലായി. കുടവൂർ ഏലായിലെ കൃഷികളെല്ലാം വെള്ളത്തിനടിയിലായതായി കുടവൂർ പാടശേഖരസമിതി അറിയിച്ചു. മടവൂർ, കരവായിക്കോണം, കുടവൂർ എന്നിവിടങ്ങളിൽ മരങ്ങൾ കട പുഴകിവീണു. ലൈൻ കമ്പികൾ പൊട്ടിയത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങാൻ കാരണമായി.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top