26 September Saturday

മോഷണക്കേസ് പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കിളിമാനൂർ

നിരവധി മോഷണക്കേസുകളിലെ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു എന്ന തീവെട്ടി ബാബു (61), കോലിയക്കോട് ശാന്തിഗിരി നെല്ലിക്കോട് വീട്ടിൽ ബാബു എന്ന കൊട്ടാരം ബാബു (55) എന്നിവരാണ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് കേസുകളിൽ പ്രതികളാണ് ഇരുവരും. കൊട്ടാരം ബാബു 25–--ാം വയസ്സിൽ പോത്തൻകോട് മണിമല കൊട്ടാരം പൊളിച്ച് വാതിലുകളും ജനലുകളും ഫർണിച്ചറുകളും മോഷ്ടിച്ചു വിറ്റ കേസിൽ പ്രതിയായതോടെയാണ് കൊട്ടാരം ബാബു എന്ന വിളിപ്പേരുണ്ടായത്. ഈ കേസിലും എറണാകുളത്ത് മജിസ്ട്രേറ്റിന്റെ വീട്ടിൽനിന്നു 1.5 കിലോ സ്വർണം മോഷ്ടിച്ച കേസിലും കഴക്കൂട്ടം സ്റ്റേഷൻ പരിധിയിൽ 1.5 കോടിയോളം വിലവരുന്ന ഡയമൻഡുകളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലും കൊട്ടിയത്തുനിന്നു 56 പവൻ സ്വർണം മോഷ്ടിച്ച കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്ടിച്ച പണം പ്രതികൾ ആർഭാട ജീവിതത്തിനാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. തീവെട്ടി ബാബുവുമായി കൊട്ടാരം ബാബുവിന് ജയിലിൽവച്ചുള്ള പരിചയമാണ്. തീവെട്ടി ബാബുവിന്റെ പേരിൽ ചാലയിൽ ഹോൾസെയിൽ സാധനം വാങ്ങാനെത്തിയവരുടെ പണം തട്ടിപ്പറിച്ച കേസും 26 മോഷണക്കേസും നിലവിലുണ്ട്. അടുത്തിടെ ജയിലിൽനിന്ന് പുറത്തിറങ്ങിയ ഇരുവരും പുതിയ മോഷണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും കടുവയിൽപള്ളിക്ക് സമീപം ഹസനത്ത് എന്ന വീട്ടിൽ മോഷണം നടത്തി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന്‌ നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഐ ഫറോസിന്റെ  നേതൃത്വത്തിൽ എസ്ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്ഐമാരായ രാധാകൃഷ്ണൻ, ജയൻ, ജിഎഎസ്ഐമാരായ രാജീവ്, സുരേഷ്, എസ്‌സിപിഒ മനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top