18 September Wednesday

മകനെ തേടി റോഡിൽ അലഞ്ഞ വൃദ്ധയ്‌ക്ക്‌ സഹായവുമായി പിങ്ക്‌ പൊലീസ്‌.

സ്വന്തം ലേഖകൻUpdated: Thursday Aug 8, 2019
 
തിരുവനന്തപുരം
മകനെ തേടി റോഡിൽ അലഞ്ഞ വൃദ്ധയ്‌ക്ക്‌ സഹായവുമായി പിങ്ക്‌ പൊലീസ്‌. പുന്നപുരം സ്വദേശി പുഷ്‌പ വീരകുമാറി(85) നെയാണ്‌ എസ്‌ഐ ജെ റസിയാബീഗത്തിന്റെ നേതൃത്വത്തിൽ രക്ഷിച്ചത്‌. ഏറെനേരത്തെ തെരച്ചിലിനൊടുവിൽ  പൊലീസ്‌ അമ്മയെ  മകൻ രാമകൃഷ്‌ണനൊപ്പം വിട്ടു. 
ബുധനാഴ്‌ച ഉച്ചയോടെ പേട്ട പുത്തൻതോട്‌ ഭാഗത്തുനിന്നാണ്‌ പുഷ്‌പയെ പിങ്ക്‌ പൊലീസ്‌ കണ്ടെത്തുന്നത്‌.  മകന്റെ പേരുമാത്രം അറിയുന്ന അവർക്ക്‌ ഓർമ്മക്കുറവുണ്ടായിരുന്നു.  പൊലീസ്‌ അവരുടെ ഫോട്ടോയെടുത്ത്‌ വിവിധ വാട്‌സാപ്‌  ഗ്രൂപ്പുകളിൽ ഇട്ടു.   കൺട്രോൾ റൂമിലേക്കും വിവിധ സ്‌റ്റേഷനുകളിലേക്കും കൈമാറി. കരമന, ശ്രീകണ്ഠേശ്വരം ഭഗത്ത്‌ ക്ഷേത്രപരിസരത്തും ഓട്ടോ ഡ്രൈവർമാർക്കിടയിലും പൊലീസ്‌ എത്തിച്ചെങ്കിലും ആർക്കും പിടിയില്ല. ഒടുവിൽ വൈകിട്ട്‌ വഞ്ചിയൂർ സ്‌റ്റേഷനിലെത്തിച്ചു. അപ്പോഴാണ്‌ അമ്മയെ കാണാനില്ലെന്നുപറഞ്ഞ്‌ മകൻ രാമകൃഷ്‌ണൻ എത്തിയത്‌. തുടർന്ന്‌ അമ്മയെ മകനെ ഏൽപ്പിക്കുകയായിരുന്നു. 
 പുഷ്‌പ വീരകുമാറിന്‌ രാമകൃഷ്‌ണനെ കൂടാതെ രണ്ട്‌ പെൺമക്കളുണ്ട്‌. അവർ എറണാകുളത്തും മധുരയിലുമാണ്‌ താമസം. അമ്മയുടെ കൈവശം പണവും ആധാർ കാർഡുമടങ്ങിയ ബാഗുണ്ടായിരുന്നുവെന്ന്‌ മകൻ പറഞ്ഞു. അവ ഓട്ടോയിൽ വച്ചു മറന്നതാകാമെന്നും അദ്ദേഹം പൊലീസിനോട്‌ പറഞ്ഞു. എന്നാൽ,  സംഭവിച്ചതൊന്നുമറിയാതെ  അമ്മ പൊലീസുകാരെ നോക്കി പുഞ്ചിരിച്ച്‌ മകനൊപ്പം യാത്രയായി. എസ്‌ഐയെകൂടാതെ സിവിൽ പൊലീസ്‌ ഓഫീസർമാരായ ഷംല, ശരണ്യ എന്നിവരും പിങ്ക്‌ ടീമിലുണ്ടായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top