19 April Monday
ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

സിപിഐ എം–ഡിവൈഎഫ്ഐ 
പ്രവർത്തകർക്കുനേരെ കോൺഗ്രസ് അക്രമം

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജോബി

 
പാറശാല - 
തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐ എം–-ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ കോൺഗ്രസ് ആക്രമണം.  സിപിഐ എം ഏരിയ കമ്മിറ്റിയംഗവും പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് കെ ബെൻഡാർവിനുനേരെ വധഭീഷണി മുഴക്കിയ സംഘം  ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ പരശുവയ്‌ക്കൽ കൊല്ലിയോടായിരുന്നു ആക്രമണം.
 വോട്ടെടുപ്പ്  കഴിഞ്ഞ് പ്രവർത്തകർ കൊല്ലിയോട് ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ  സംഘടിച്ചെത്തിയ  കോൺഗ്രസ് പ്രവർത്തകർ ആഹാരം തട്ടിത്തെറിപ്പിച്ചശേഷം ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടുകത്തി, കത്തി തുടങ്ങിയ മാരകായുധങ്ങളും ബൈക്കിന്റെ  സ്റ്റമ്പ്, കമ്പ് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഡിവൈഎഫ്ഐ പരശുവയ്ക്കൽ മേഖലാ കമ്മിറ്റിയംഗവും കണ്ണക്കോട് യൂണിറ്റ് സെക്രട്ടറിയുമായ ജോബിയെ (24) വെട്ടുകത്തികൊണ്ട് വെട്ടി. ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ അജു, കണ്ണൻ, അബിൻ എന്നിവരെയും ക്രൂരമായി മർദിച്ചു. ആക്രമണം തടയാൻ ശ്രമിച്ച  എസ് കെ ബെൻഡാർവിൻ  തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. 
കോൺഗ്രസ് പ്രവർത്തകരായ അനി, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റ ജോബി പാറശാല ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. പാറശാല പൊലീസിൽ പരാതി നൽകി. 
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചുവിടുന്ന സംഘത്തിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നുവരണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ എം, -ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു. സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ കൊല്ലിയോട് പ്രതിഷേധ പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top