20 April Tuesday

മീനച്ചൂടിലും വിളയും
ശ്രീശൈലത്തിലെ മുന്തിരി

എം ഒ ഷിബുUpdated: Thursday Apr 8, 2021
 
ചിറയിൻകീഴ്
മീനച്ചൂടിലും ശ്രീശൈലത്തിൽ മുന്തിരിവള്ളികൾ തളിർക്കുകയാണ്‌. ശാർക്കര ശ്രീശൈലത്തിൽ ബാബു–- സുകുമാരി ദമ്പതികൾ ശാർക്കര ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടന്ന കാർഷിക വ്യാപാരമേളയിൽനിന്ന്‌ ഒരു കൗതുകത്തിന്‌ വാങ്ങിയ മുന്തിരിത്തൈകളാണ്‌ വളർന്ന്‌ കായ്‌ച്ചത്‌. 
ആറുമാസത്തോളം ചട്ടിയിൽ സൂക്ഷിച്ചിരുന്ന മുന്തിരിത്തെെ കൃഷി ഓഫീസറുടെ നിർദേശപ്രകാരം കൂടുതൽ പരിചരണം നൽകി. ഒരു വർഷത്തിനകം മുന്തിരി കായ്ച്ചു. ഒരുവർഷം കൂടി പിന്നിട്ടപ്പോൾ നിരവധി മുന്തിരിക്കുലകൾ ഉണ്ടായി. ഇപ്പോൾ വീടിന്റെ മട്ടുപ്പാവിലേക്ക്‌ പടർന്നുകയറിക്കൊണ്ടിരിക്കുകയാണ്‌ മുന്തിരിവള്ളികൾ. 
ബാബുവും സുകുമാരിയും നാവികസേനയിൽനിന്ന്‌ വിരമിച്ചവരാണ്‌. 2017ൽ ചിറയിൻകീഴ് പഞ്ചായത്തിലെ  മികച്ച കർഷകർക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്‌. സുകുമാരി ശാർക്കര എഡിഎസ്‌ സെക്രട്ടറിയുമാണ്. ചീര, വെണ്ട, പയർ, തക്കാളി, വഴുതന, മുളക് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ശീതകാല പച്ചക്കറി തൈകളായ ക്യാബേജ്, കോളിഫ്ലവർ എന്നിവയും ഗ്രോബാഗിൽ കൃഷി ചെയ്യുന്നുണ്ട്. 25 സെന്റ്‌ സ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷിയും നടത്തുന്നുണ്ട്‌. 
വീട്ടാവശ്യത്തിനുശേഷം ബാക്കിയുള്ള വിളകൾ കൃഷി ഓഫീസുകളുമായി ബന്ധപ്പെട്ട് നടത്തുന്ന ആഴ്ചച്ചന്തകളിൽ വിൽപ്പനയ്ക്ക് എത്തിക്കാറുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top