26 May Tuesday
പ്രകൃതിയിലേക്ക് മടങ്ങാം

ഡിവൈഎഫ്‌ഐയുടെ മൈക്രോഗ്രീന്‍ കൃഷി വ്യാപന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
ബാലരാമപുരം 
കോവിഡ് കാലത്തെ ബോറഡി മാറ്റാന്‍ പ്രകൃതിയിലേക്ക് മടങ്ങാം എന്ന ആശയവുമായി ഡിവൈഎഫ്ഐ നേമം ബ്ലോക്ക് കമ്മിറ്റി.  ഒമ്പത് മേഖലാ കമ്മിറ്റികളിലെ 108 യൂണിറ്റിൽ  മൈക്രോഗ്രീന്‍ കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നു. നെല്ല്, ചോളം, തിന, കടുക്, ചെറുപയർ, ചുണ്ടൻ കടല, ഉഴുന്ന് മുതലായ പ്രാദേശികമായി ലഭിക്കുന്ന വിത്തുകൾ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് വ്യാപകമായി യുവാക്കളുടെ നേതൃത്വത്തിൽ വീടുകളിൽ  പരിശീലിപ്പിക്കുന്നത്. സുഷിരങ്ങളിട്ട ഒരു പ്ലാസ്റ്റിക് പാത്രത്തിലോ കടകളിൽനിന്ന് സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളിലോ  ആണ് വിത്തുപാകുന്നത്. മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തിൽ കവറിൽ നിറച്ച് എട്ടു മണിക്കൂർ കുതിർത്ത വിത്തുകൾ പാകാനാണ് യുവാക്കൾ വീടുകളിലെത്തി പരിശീലനം നൽകുന്നത്.  കുറച്ച് വിത്തുകൾ പരക്കെ പാകിയ ശേഷം മണ്ണും വിതറണം. വിത്ത് മുളച്ച്  15 ദിവസത്തിനുള്ളിൽ മുളച്ചുവരുന്ന ഇലകളാണ് മൈക്രോഗ്രീൻ.  ഇതിനകം ബ്ലോക്കിലെ മുഴുവന്‍ യൂണിറ്റും  പരിപാടി ഏറ്റെടുത്തുകഴിഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top