21 July Sunday

മദ്യപാനം വിലക്കിയ കടയുടമയെ കോൺഗ്രസുകാർ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019
പാലോട്
മദ്യപാനം വിലക്കിയ കടയുടമയെ പട്ടാപ്പകൽ കോൺഗ്രസ് പ്രവർത്തകർ കടയിൽ കയറി ആക്രമിച്ചു. ഇളവട്ടം കുറുപുഴയിലാണ് സംഭവം. ഇളവട്ടം മേക്കുംകര പുത്തൻവീട്ടിൽ വേലായുധ  (50)നെയാണ് മർദിച്ച് അവശനാക്കിയത്. 
 
പാലുവള്ളി സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. വേലായുധന്റെ ബാർബർ ഷോപ്പിന് പിറകുവശത്തുള്ള പറമ്പിലിരുന്ന് പ്രതികൾ സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. 
 
മദ്യപാനവും കൂക്കുവിളികളും ആക്രോശങ്ങളും അസഹനീയമായതോടെ അവിടെയിരുന്ന് മദ്യപിക്കരുത് എന്ന് വേലായുധൻ വിലക്കി. ഇതിന്റെ പേരിൽ വേലായുധനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് 5ന് പകൽ ഒന്നോടെ സംഘം ചേർന്നെത്തിയ കോൺഗ്രസ് പ്രവർത്തകർ വേലായുധനെ മർദിക്കുകയായിരുന്നു. കടയിലെ ഫർണിച്ചർ അടക്കമുള്ള സാധനങ്ങൾ അടിച്ചുതകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. 
ആക്രമണത്തിൽ വേലായുധന് പരിക്കേറ്റു. കുഞ്ഞുമോൻ, കൂടെ ഉണ്ടായിരുന്ന പ്രദീപ് തുടങ്ങി കണ്ടാലറിയാവുന്നവർക്കെതിരെ പാലോട് പൊലീസ് കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top