07 February Tuesday

സിനിമാദിനങ്ങളിലേക്ക് ഇനി രണ്ടുനാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ്‌ പാസ്‌ വിതരണം മന്ത്രി വി എൻ വാസവൻ ആദ്യ പ്രതിനിധിയായി നടി ആനിക്ക് നൽകി ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി എം ബി രാജേഷ്, മധുപാൽ, രഞ്ജിത്, റാണിജോർജ്, ഗോകുൽ സുരേഷ്, ദീപിക സുശീലൻ എന്നിവർ സമീപം

തിരുവനന്തപുരം
12,000ൽ അധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു. 27–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്‌ ഇനി രണ്ടുനാൾ മാത്രം.
പ്രധാന വേദിയായ ടാഗോർ തിയറ്ററടക്കം 14 തിയറ്ററിലായി 70ൽ അധികം രാജ്യത്തുനിന്നുള്ള 184 ചിത്രമാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. വിവിധ തിയറ്ററുകളിലായി 9600 സീറ്റാണ് സജ്ജമാക്കിയത്. 2500 സീറ്റ്‌ ഉള്ള ഓപ്പൺ തിയറ്റർ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നൈറ്റ് സ്ക്രീനിങ് ചിത്രമായ സാത്താൻസ് സ്ലേവ്സ് 2: കമ്യൂണിയൻ ഉൾപ്പെടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിവസം രാത്രി 12ന്‌ ആണ് ചിത്രത്തിന്റെ പ്രദർശനം. ക്രിസ്റ്റി ഡിജിറ്റൽ ഒരുക്കുന്ന 4കെ സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയിൽ ഒരുക്കിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളും നിശാഗന്ധിയിൽ നടക്കും.
മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ തമിഴ് റോക്ക് ബാൻഡ് ജാനു, പ്രദീപ് കുമാർ തുടങ്ങിയവരുടെ ഗാനസന്ധ്യകൾ അരങ്ങേറും.
 
ഡെലിഗേറ്റ്‌ പാസ്‌ വിതരണം തുടങ്ങി
ഇരുപത്തേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ്‌ പാസ്‌ വിതരണം തുടങ്ങി.  മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ ക്രമീകരിച്ച ഡെലിഗേറ്റ് സെൽ വഴിയാണ് പാസ്‌ വിതരണം. ബുധൻ രാവിലെ ഒമ്പതുമുതൽ പാസ്‌ വാങ്ങാം. 14 കൗണ്ടറുകളിലൂടെയാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം. പ്രതിനിധികൾ ഐഡി പ്രൂഫുമായെത്തി  പാസുകൾ ഏറ്റുവാങ്ങാം. വിദ്യാർഥികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുണ്ട്‌.
ചൊവ്വാഴ്‌ച  ഡെലിഗേറ്റ്‌ സെല്ലിന്റെയും പാസ്‌ വിതരണത്തിന്റെയും ഉദ്‌ഘാടനം സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. 
ചലച്ചിത്രതാരം ആനിക്ക്‌ മന്ത്രി ആദ്യ പാസ്‌ നൽകി.  നോ ടു ഡ്രഗ്‌സ്‌ സന്ദേശം രേഖപ്പെടുത്തിയ ഡെലിഗേറ്റ്‌ കിറ്റ്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ നടൻ ഗോകുൽ സുരേഷിനു നൽകി ഉദ്‌ഘാടനം ചെയ്‌തു. 
സാംസ്കാരിക ക്ഷേമനിധി ബോർഡ്  ചെയർമാൻ മധുപാൽ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ ജി മോഹന്‍കുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ഡെപ്യൂട്ടി ഡയറക്ടർ  ഷാജി, ആർട്ടിസ്‌റ്റിക്‌ ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
 
ഡെലിഗേറ്റ് കിറ്റിൽ 
ലഹരിക്കെതിരെ ബോധവൽക്കരണം
തിരുവനന്തപുരം
രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് കിറ്റിൽ ലഹരിക്കെതിരായ ബോധവൽക്കരണവും. വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള നോ റ്റു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ദേശം ഡെലിഗേറ്റ് കിറ്റിൽ ഉൾപ്പെടുത്തിയത്. ക്യാരി ബാഗിന്റെ രൂപത്തിലും ബാക് പാക്ക് രൂപത്തിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത്തവണ ഡെലിഗേറ്റ് കിറ്റ് നിർമിച്ചിരിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top