01 February Wednesday

സംരംഭങ്ങൾ ആരംഭിക്കാൻ 
ഖാദി ബോർഡ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കോട്ടുകളുടെ ജില്ലാതല വിപണനോദ്‌ഘാടനം ഖാദിബോര്‍ഡ് 
വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കലാകേശവന് നല്‍കി നിര്‍വഹിക്കുന്നു

തിരുവനന്തപുരം
സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഖാദിബോര്‍ഡ് പ്രത്യേക പരിഗണന നല്‍കുമെന്ന് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രഡിറ്റ് സഹകരണസംഘവും ചേർന്ന്‌ നടപ്പാക്കുന്ന, ഖാദികോട്ടുകളുടെ ജില്ലാതല വിപണന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കോട്ടുകളാണ്‌ ഖാദിവൽക്കരിക്കുന്നത്‌. 
ഖാദിവസ്ത്ര പ്രചാരണത്തിന് സര്‍ക്കാര്‍ പലവിധ സഹായവും നല്‍കിയിട്ടുണ്ട്. സ്റ്റോര്‍ പര്‍ച്ചേസ് മാനുവലില്‍ ഇളവുവരുത്തി, ടെൻഡര്‍ ഇല്ലാതെ ഓര്‍ഡര്‍ നല്‍കാമെന്ന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. ആശുപത്രികളിലെ ബെഡ് ഷീറ്റ്, കാക്കിയൂണിഫോം  എന്നിവയടക്കം വിൽപ്പന നടത്താന്‍ ഈ ഇളവുമൂലം സാധിക്കും. 90 ശതമാനം വനിതാജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ ഖാദിബോര്‍ഡിന് വലിയ പ്രതീക്ഷയാണുള്ളത്. ഖാദി വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും അവ യഥാസമയം ലഭ്യമാക്കുന്നതിന് അവസരമില്ലെന്നുകണ്ടപ്പോഴാണ് സഹകരണ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. വസ്ത്രങ്ങളും തേന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ സഹകരണസ്ഥാപനങ്ങളിലെ ഖാദി കോര്‍ണറിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കല കേശവന് കോട്ട് നല്‍കിയാണ്‌ പി ജയരാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സംഘം കണ്‍സ്യൂമര്‍ സ്റ്റോര്‍ വഴിയും എംസിഎച്ച് കൗണ്ടര്‍ വഴിയും കോട്ട് വാങ്ങാം. 
മെഡിക്കല്‍ കോളേജ് എംപ്ലോയീസ് ക്രഡിറ്റ് സഹകരണസംഘം പ്രസിഡന്റ്‌ രമേഷ് ചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ഡോ. കല കേശവന്‍, ഡോ. കെ എ രതീഷ്, സി മുരുകന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top