18 October Friday

സംസ്ഥാനതല ആഘോഷം 10 മുതല്‍; ഘോഷയാത്ര 16ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019
തിരുവനന്തപുരം 
ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികൾ 10 മുതൽ 16 വരെ നടക്കും. ഉത്രാടനാളിൽ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മികച്ച ചലച്ചിത്രനടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കീർത്തീ സുരേഷും നടൻ ടൊവിനോ തോമസും മുഖ്യാതിഥികളാകും. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും കെ എസ് ചിത്രയുടെ സംഗീത നിശയും അരങ്ങേറും. എട്ടിന്‌ വൈകിട്ട് ആറിന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനകക്കുന്നിൽ ഓണപ്പതാക ഉയർത്തും. 3.30-ന് സൂര്യകാന്തിയിൽ വ്യാപാരമേള സി ദിവാകരൻ എംഎൽഎ ഉദ്ഘാടനംചെയ്യും. 9-ന് വൈകിട്ട് വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ചോണും ഭക്ഷ്യമേളയുടെ ഉദ്ഘാടനവും നടക്കും. 
 
പ്രളയത്തെ അതിജീവിച്ച കേരളത്തെ വിവരിക്കാനായി 16ന് കോവളം ലീല റാവിസിൽ ടൂറിസം സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ മുഖ്യാതിഥിയാകും. ഇതര സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. 16-ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലംമുതൽ കിഴക്കേക്കോട്ടവരെയുള്ള സാംസ്‌കാരിക ഘോഷയാത്രയോടെ ആഘോഷം സമാപിക്കും. ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും. സി ദിവാകരൻ എംഎൽഎ, ടൂറിസം ഡയറക്ടർ പി ബാലകിരൺ, കെടിഡിസി മാനേജിങ് ഡയറക്ടർ രാഹുൽ ആർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top