20 September Friday
പ്രളയാനന്തര ഉയിർത്തെഴുന്നേൽപ്പ് മുഖ്യ വിഷയം

ഓണം ഘോഷയാത്ര സെപ്‌തംബർ 16ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
തിരുവനന്തപുരം
ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര സെപ്‌തംബർ 16ന് വൈകിട്ട് തലസ്ഥാന നഗരത്തിൽ നടക്കും. അന്നുരാവിലെ നടക്കുന്ന ടൂറിസം സമ്മേളനത്തിൽ ഇതര സംസ്ഥാന ടൂറിസം മന്ത്രിമാർ, സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഘോഷയാത്ര ആസ്വദിക്കാനുമുണ്ടാകും. ഓണാഘോഷം കാണാൻ കേന്ദ്ര ടൂറിസംമന്ത്രിയെ ക്ഷണിക്കാനും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഘോഷയാത്ര വീക്ഷിക്കാനെത്തുന്ന വിദേശ വിനോദസഞ്ചാരിൾക്ക്‌ പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കും. 
 
വൈകിട്ട് അഞ്ചിന് രാജ്ഭവനുമുന്നിൽനിന്നാണ് ഓണം ഘോഷയാത്ര ആരംഭിക്കുക.   പ്രളയശേഷമുള്ള കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഘോഷയാത്രയിലെ മുഖ്യവിഷയം. സംസ്ഥാനത്തിന്റെ അതിജീവനത്തിന് പ്രാധാന്യം നൽകും. വിനോദസഞ്ചാരമേഖലയിലെ നേട്ടങ്ങൾ ലോകത്തെ ബോധ്യപ്പെടുത്താനാകുംവിധമുള്ള ഫ്‌ളോട്ടുകൾ അണിനിരത്തും. 
വികസനനേട്ടങ്ങൾ, പൊതുവിദ്യാഭ്യാസമേഖല, ആർദ്രത്തിലൂടെ ആരോഗ്യം, ഹരിതകേരളം, ലൈഫ് ഭവനപദ്ധതി  തുടങ്ങിയ വിഷയങ്ങൾക്ക് വിവിധ വകുപ്പുകൾ ഫ്‌ളോട്ടുകളിൽ ഊന്നൽ നൽകും.
 
പുതിയ ആശയങ്ങൾ നൽകുന്നവർക്ക് സമ്മാനം ഏർപ്പാടാക്കും. 14നു മുമ്പ് ആശയങ്ങൾ വകുപ്പുകൾ സമർപ്പിക്കണം. 26ന് രേഖാചിത്രങ്ങളോടെ ആശയങ്ങൾ നൽകണം. ഇത് സാങ്കേതിക സമിതി പരിശോധിച്ച് അന്തിമതീരുമാനമെടുക്കും. സെപ്‌തംബർ ഒമ്പതുമുതലാണ്‌ ഓണം വാരാഘോഷം ആരംഭിക്കുന്നത്.  ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമാക്കും. കേരളത്തിലെയും  വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെയും കലാസംഘങ്ങൾ പങ്കെടുക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top