28 May Thursday
ആശ്വാസം; ജാഗ്രത തുടരാം

5419 പേർ നിരീക്ഷണം പൂർത്തിയാക്കി

സ്വന്തം ലേഖകൻUpdated: Tuesday Apr 7, 2020

ഗോ കൊറോണ ഗോ കിള്ളിപ്പാലം ജങ്‌ഷനിൽ കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഹെൽമറ്റ്‌ ധരിച്ചെത്തിയ യുവാവിന്റെ ലൈസൻസ്‌ പരിശോധിച്ച്‌ കടത്തിവിടുന്നതിനിടയിൽ ദൃശ്യം ക്യാമറയിൽ പകർത്തുന്ന പൊലീസുകാരൻ

തിരുവനന്തപുരം
കോവിഡ്‌ ഭീതിയിൽനിന്ന്‌ കരകയറാനുള്ള തീവ്രശ്രമത്തിൽ തലസ്ഥാന ജില്ല. തിങ്കളാഴ്‌ച 5419 പേർ 28 ദിവസ നിരീക്ഷണ കാലയളവ്‌ രോഗലക്ഷണമില്ലാതെ പൂർത്തിയാക്കി. തുടർച്ചയായ നാലാംദിനവും കോവിഡ്‌ പോസിറ്റീവ്‌ കേസുകളില്ല. രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ നിരീക്ഷണത്തിലിരുന്ന 22 പേരെ വിട്ടയച്ചു. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരുന്ന മണക്കാട്‌ സ്വദേശിക്ക്‌ രോഗം ഭേദമായി. ഫലം പോസിറ്റീവായതിനെ തുടർന്ന്‌ വിട്ടയച്ച ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരും. 
നിസാമുദീനിൽനിന്ന്‌ ജില്ലയിലെത്തിയ 11 പേരുടെ പരിശോധനാഫലവും നെഗറ്റീവാണ്. ജില്ലയിൽ തിങ്കളാഴ്‌ച 205 പേരാണ്‌ പുതുതായി നിരീക്ഷണത്തിലായത്‌. ഇതിൽ 25 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 12470 പേരാണ്‌ ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത്‌. -11725 പേർ വീടുകളിലും 105 പേർ ആശുപത്രിയിലും. തിങ്കളാഴ്‌ച 60 സാമ്പിളാണ്‌ പരിശോധനയ്‌ക്ക്‌ അയച്ചത്‌. ആകെ അയച്ച 2267 സാമ്പിളിൽ 1929 പരിശോധനാഫലം ഇതുവരെ ലഭിച്ചു. തിങ്കളാഴ്‌ച ലഭിച്ച 146 ഫലവും നെഗറ്റീവാണ്. 397 ഫലം ലഭിക്കാനുണ്ട്‌.
 
105 പേർ ആശുപത്രികളിൽ 
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 42 ഉം ജനറൽ ആശുപത്രിയിൽ 21 ഉം പേരൂർക്കട മാതൃകാ ആശുപത്രിയിൽ ഏഴും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ  മൂന്നും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഏഴും എസ്എടിയിൽ ഏഴും കിംസിൽ 10 ഉം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഏഴും പിആർഎസിൽ ഒരാളുമാണ്‌ ചികിത്സയിലുള്ളത്‌. 
 
കരുതൽ കേന്ദ്രങ്ങളിൽ 640 പേർ 
യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 78 ഉം വിമൻസ് ഹോസ്റ്റലിൽ 47 ഉം ഐഎംജി ഹോസ്റ്റലിൽ 44 ഉം വേളി സമേതി ഹോസ്റ്റലിൽ 19 ഉം മൺവിള കോ ഓപ്പറേറ്റീവ്  ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ നാലും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 173 ഉം വിഴിഞ്ഞം സെന്റ്‌ മേരീസ് സ്കൂളിൽ 103 ഉം പൊഴിയൂർ എൽപിഎസിൽ 72 ഉം പൊഴിയൂർ സെന്റ് മാതാ സ്കൂളിൽ 73 ഉം നിംസ് ഹോസ്റ്റലിൽ 27 ഉം പേരാണ്‌ കരുതൽ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ളത്‌. 
 
ഏഴുപേർക്ക്‌ രോഗം ഭേദമായി
ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച 15 പേരിൽ ഏഴു പേർക്കും രോഗം ഭേദമായി. മണക്കാട്‌ സ്വദേശിയുടെ പരിശോധനാഫലമാണ്‌ തിങ്കളാഴ്‌ച നെഗറ്റീവായത്‌.  ഏഴു പേരാണ്‌ നിലവിൽ ചികിത്സയിൽ തുടരുന്നത്‌. കോവിഡ്‌ ബാധിച്ചു മരിച്ച പോത്തൻകോട്‌ സ്വദേശി അബ്ദുൾ അസീസിന്‌ മറ്റ്‌ നിരവധി അസുഖങ്ങളുമുണ്ടായിരുന്നു. ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചവരിൽ ഒരാൾ മലപ്പുറം സ്വദേശിയും ഒരാൾ കൊല്ലം സ്വദേശിയുമാണ്‌. മലപ്പുറം സ്വദേശിക്ക്‌ രോഗം ഭേദമായി.
പ്രധാന വാർത്തകൾ
 Top