കോവളം
2021 ഡിസംബറിൽ കഴക്കൂട്ടം കാരോട് ബൈപാ---സിൽ കല്ലുവെട്ടാൻകുഴിക്ക് സമീപം വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട നിലയിൽ ഒരു നായയെ വെങ്ങാനൂർ സ്വദേശി ഷെറീഫ് എം ജോർജ് കാണുന്നു... പ്രദേശത്തെ യുവാക്കൾ വിവരമറിയിച്ചതിനെതുടർന്നാണ് ഷെറീഫ് അവിടെയെത്തിയത്. കെട്ടിയിട്ടതിനാൽ ദിവസങ്ങളായി ഭക്ഷണം കിട്ടാതെ എല്ലും തോലുമായി, എഴുന്നേറ്റ് നിൽക്കാനാകാത്ത അവസ്ഥയിലായിരുന്നു അവൻ. ഗ്രേറ്റ് ഡെയ്ൻ വിഭാഗത്തിൽപെട്ട ഒന്നരവയസ്സുള്ള അവനെ ഷെറീഫ് രക്ഷപ്പെടുത്തി സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാനാകാത്ത അവസ്ഥയിലായിരുന്നു. കുടൽ ചുരുങ്ങിയതിനെ തുടർന്ന് വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ നൽകി ആരോഗ്യം വീണ്ടെടുത്തു.
ഗ്രേറ്റ് ഡേയ്ൻ ഇനത്തിൽപ്പെട്ട നായക്കളുടെ ഭക്ഷണക്രമം, ജീവിതരീതി എന്നിവയെക്കുറിച്ച് ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ വഴി ഷെറീഫ് മനസ്സിലാക്കി. രണ്ടുദിവസത്തിന് ശേഷം ഷെറീഫ് നായയെ വീട്ടിലേക്ക് കൊണ്ട് വന്നു. സമൂഹമാധ്യമങ്ങൾ വഴി ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഷെറീഫ് അവന് ബാഷ എന്ന പേര് നൽകി. കൂട്ടിന് ലാബ്രിടോർ ഇനത്തിൽപ്പെട്ട പപ്പിയുമുണ്ടായിരുന്നു വീട്ടിൽ. പതിയെ ആരോഗ്യം വീണ്ടെടുത്ത ബാഷ ഇപ്പോൾ ഷെറീഫിന്റെ വീട്ടിലുള്ളവരുടെ പ്രിയപ്പെട്ടവനാണ്. വീട്ടിലെ താരമാണ് അവനിന്ന്, കുട്ടികൾ മുതൽ മുതിർന്നവരുടെ വരെ പ്രിയപ്പെട്ടവൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..