നേമം
സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിലേക്ക് കോട്ടുകാൽക്കോണം എംസിഎച്ച്എസ്എസിലെ വിദ്യാർഥികളുടെ പ്രോജക്ട് തെരഞ്ഞെടുത്തു. ഏഴാം ക്ലാസ് വിദ്യാർഥി എസ് ആർ സജിത് കുമാറും ആറാം ക്ലാസ് വിദ്യാർഥിനി എസ് വി ശ്രീക്കുട്ടിയും അവതരിപ്പിച്ച പ്രോജക്ട് ആണ് തെരഞ്ഞെടുത്തത്. അധ്യാപിക വിമലാ ബായിയായിരുന്നു ഗൈഡ്. വെള്ളായണിക്കായലിലെ മത്സ്യ സമ്പത്തിനെക്കുറിച്ചുള്ള പഠനമായിരുന്നു ഗവേഷണ വിഷയം. ജില്ലാതലത്തിൽ അവതരിപ്പിച്ച 355 പ്രോജക്ടിൽനിന്നാണ് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ ഇവർ അർഹത നേടിയത്.
വെള്ളായണിക്കായലിൽ മുമ്പുണ്ടായിരുന്ന ഏതെല്ലാം മത്സ്യ ഇനങ്ങളാണ് അപ്രത്യക്ഷമാകുന്നത്, മത്സ്യസമ്പത്ത് കുറയുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തുക ഇവയൊക്കെയായിരുന്നു അന്വേഷണ മേഖല. അടിഞ്ഞുകൂടുന്ന ചെളിയും രാസവസ്തുക്കളും കാരണം കായലിന്റെ ആഴം വളരെയേറെ കുറയുന്നതും കുളവാഴയുടെ ക്രമാതീതമായ വർധനയും മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാന കാരണങ്ങളായി അവർ പറയുന്നു.
അവിടെ നോക്കുകുത്തിയായി കിടക്കുന്ന യന്ത്രത്തിന്റെ കേടുപാടു തീർത്ത് കുളവാഴ നീക്കംചെയ്യുക, ചെളി നീക്കംചെയ്ത് കായലിന്റെ സ്വാഭാവിക ആഴം നിലനിർത്തുക, മീൻപിടിത്തത്തിനു പോകുന്നവർക്ക് വള്ളത്തിനും വലയ്ക്കും ലൈസൻസും ബയോ മെട്രിക് കാർഡും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ എംഎൽഎക്ക് നിവേദനവും നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..