14 December Saturday
മുണ്ടേല രാജീവ് ഗാന്ധി റസി.വെൽഫെയർ സഹ. സംഘം തട്ടിപ്പ്‌

നിക്ഷേപകർ വീണ്ടും 
സെക്രട്ടറിയെ ഉപരോധിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2024

മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിലെ നിക്ഷേപകർ സെക്രട്ടറിയെ ഉപരോധിക്കുന്നു

വിളപ്പിൽ 
അരുവിക്കര മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ നിക്ഷേപകർ  വീണ്ടും സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ ഒക്ടോബർ ഏഴിന്‌  സെക്രട്ടറിയെ ഇടപാടുകാർ   ഉപരോധിച്ചിരുന്നു. നവംബർ   അഞ്ചിനകം നിക്ഷേപങ്ങൾ  മുൻഗണനാക്രമത്തിൽ മടക്കി നൽകാമെന്ന്‌ അന്ന്‌ ധാരണയായിരുന്നു.  
പണം നൽകാമെന്ന ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് നിക്ഷേപകർ   പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കൾ രാവിലെ    നൂറോളംപേരെത്തി പണം ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു.   നെടുമങ്ങാട്‌  പൊലീസെത്തി അനുനയ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് സഹകരണവകുപ്പ്‌ നെടുമങ്ങാട് അസിസ്റ്റന്റ്‌ രജിസ്‌ട്രാർ എത്തി  ജീവനക്കാരുമായി സംസാരിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല. ഏറെ നേരെത്തെ ചർച്ചയ്‌ക്ക് ശേഷം, തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ  നടപടി സ്വീകരിക്കുമെന്ന നെടുമങ്ങാട്  അസിസ്റ്റന്റ്‌ രജിസ്‌ട്രാർ നൽകിയ ഉറപ്പിൻമേലാണ്‌ സമരം അവസാനിപ്പിച്ചത്‌. ഈ മാസം പതിനൊന്നാം തീയതിക്കകം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാത്ത പക്ഷം സഹകരണ സംഘത്തിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഇടപാടുകാർ പറഞ്ഞു. കോൺഗ്രസ് ഭരണസമിതിയുള്ള ഈ സംഘത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടാണ് നിക്ഷേപകർ ആരോപിക്കുന്നത്.
 സഹകരണ   വകുപ്പ്  നടത്തിയ പരിശോധനയിൽ 40 കോടിയുടെ ക്രമക്കേടാണ്‌  കണ്ടെത്തിയത്‌.  കോൺഗ്രസ് ഭരണസമിതി അംഗങ്ങളും  ഉദ്യോഗസ്ഥരും വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. നിക്ഷേപകർക്ക് പലിശ നൽകാതെ വന്നതോടെയാണ്  തട്ടിപ്പ്‌ പുറത്തായത്‌. നിക്ഷേപിച്ച തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമീപിക്കുമ്പോൾ ഉടൻ
നൽകാമെന്നുപറഞ്ഞ് മടക്കിയയക്കും.   106 പരാതി സഹകരണവകുപ്പ്‌  നെടുമങ്ങാട്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർക്കും  അരുവിക്കര ‌ പൊലീസ് സ്റ്റേഷനിൽ 100 പരാതിയും ലഭിച്ചിട്ടുണ്ട്‌. ഇതേ തുടർന്ന് സഹകരണവകുപ്പ്‌   ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top