22 February Friday
അധ്യാപക ദിനം

കുരുന്നുകൾ അധ്യാപകരായി; അധ്യാപകർ കാഴ്ചക്കാരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

കിളിമാനൂർ ഗവ. എൽപി സ്കൂളിൽ നടന്ന അധ്യാപകദിനാചരണത്തിൽ നാലാംക്ലാസുകാരി നിയൂഷ പ്രഥമാധ്യാപികയായപ്പോൾ, ഒന്നിൽ നൗഫിയും രണ്ടിൽ ഋതു വർണയും മൂന്നിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി നവനീത് ലാലും അസ്ലമും നാലിൽ രണ്ട് ഡിവിഷനുകളിലായി നന്ദനയും ഇർഫാനും ക്ലാസ് ടീച്ചറായി. പ്രഥമാധ്യാപിക ടീച്ചർമാർക്ക് രജിസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്തു. രാവിലെ നടന്ന അസംബ്ലിയും കുട്ടികൾതന്നെ നിയന്ത്രിച്ചു. ഓരോ പീരീഡിലും വിഷയങ്ങൾ മാറിമാറി പഠിപ്പിച്ചതും കുട്ടികൾതന്നെ. വൈകിട്ട് സ്കൂൾ വിടുന്നതുവരെയുള്ള കാര്യങ്ങൾ കുട്ടികൾ അച്ചടക്കത്തോടെ നിയന്ത്രിച്ചു. മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ വ്യത്യസ‌്തമായ പരിപാടികളോടെയാണ് ദിനാചരണം നടന്നത്. സ്കൂൾ ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും ഓഫീസ് സ്റ്റാഫിന്റെയും പൂർണ ചുമതല വിദ്യാർഥികളാണ് ഏറ്റെടുത്ത് നടത്തിയത്. സ്കൂൾ അസംബ്ലിയിൽ അധ്യാപക ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ എസ് വസന്തകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി പ്രസന്നൻ, വി സുദർശന ബാബു, സ്റ്റാഫ് സെക്രട്ടറി എം തമീമുദ്ദീൻ, ഗൗരീപാർവതി എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. കാരേറ്റ്  വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിലെ ആദ്യ അധ്യാപകനായ പൊരുന്തമൺ ഇരട്ടച്ചിറ കമലാസനനെ വിദ്യാർഥികൾ അധ്യാപകദിനത്തോടനുബന്ധിച്ച‌് വീട്ടിലെത്തി ആദരിച്ചു. നവതി നിറവിലെത്തിയ കമലാസനൻ തന്റെ സ്കൂൾ അധ്യയന അനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് എം ജയേന്ദ്രകുമാർ, പ്രഥമാധ്യാപിക ഗീത, സൗമ്യ, എ ഷിബു, വി എസ് ലക്ഷ്മി, ബി എസ് സജികുമാർ, വിജയലക്ഷ്മി, ആദർശ് ,ശാലിനി ദിനേശ്, ശശികല തുടങ്ങിയവർ സംസാരിച്ചു.

അധ്യാപക ദിനത്തോടനുബന്ധിച്ച് കടയ്ക്കാവൂർ ശ്രീനാരായണ വിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകദിനാചരണവും പൂർവ അധ്യാപകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പൂർവ വിദ്യാർഥിയും കേരള യൂണിവേഴ്സിറ്റി ഡെവലപ്മെന്റ‌് കൗൺസിൽ ചെയർമാനുമായ ഡോ. എം ജയപ്രകാശ് അധ്യാപക ദിനാചരണ പരിപാടി ഉദ്ഘാടനചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ‌് അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്തംഗം എസ് ഷീല, സ്കൂൾ ഹെഡ്മിസ്ട്രസ് എസ് ലതാദേവി, കടയ്ക്കാവൂർ സിഐ കെ എസ് അരുൺ, വികസന സമിതി വൈസ് ചെയർമാൻ എസ് ആർ ജ്യോതി, മുൻ പിടിഎ പ്രസിഡന്റ‌് ബാബുക്കുട്ടൻ, അധ്യാപകരായ ബി എസ് മഹിലാൽ, കെ ദിലീപ്കുമാർ, എസ് ഷാജി, പി ബി പ്യാരി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷെർളി കുര്യൻ സ്വാഗതവും ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ എൻ ഷിബു നന്ദിയും പറഞ്ഞു. സ്കൂളിലെ മുൻ അധ്യാപകരായ വിമലമ്മ, ജയപ്രഭ, രാമചന്ദ്രൻനായർ, സനകൻ, ശ്യാമള, ജയശോഭ, സുവർണകുമാരി, രമാദേവി, ഭാമ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

പിരപ്പൻകോട് ഗവ. എൽപിഎസിൽ കുട്ടികളുടെ സർഗാത്മ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള “ചെപ്പ്’ ഇൻലാൻഡ‌്  മാഗസിന്റെ പ്രകാശനവും അധ്യാപക ദിനാചരണം ഉദ‌്ഘാടനവും  ദേശീയ അധ്യാപക അവാർഡ് ജേതാവ്  വി എസ് അശോക്  നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എ ജയചന്ദ്രൻ അധ്യക്ഷനായി. എസ് ലേഖകുമാരി വാർഷിക കലണ്ടർ പ്രകാശനം ചെയ‌്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top