തിരുവനന്തപുരം
നഗരവാസികളുടെ പരാതികൾ നേരിട്ടറിഞ്ഞ് പരിഹാരം കാണാൻ കോർപറേഷൻ ജനങ്ങൾക്കിടയിൽ. സമഗ്ര നഗരവികസനത്തിനൊപ്പം അഴിമതിരഹിത സദ്ഭരണം ലക്ഷ്യമിട്ടുള്ള ‘നഗരസഭ ജനങ്ങളിലേക്ക്’ ക്യാമ്പയിന് ശ്രീകാര്യത്ത് തുടക്കമായി.
മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പരാതി കേൾക്കുന്നത്. സിറ്റിസൺ പോർട്ടലിലൂടെ ജനന മരണ, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ 20,000 പരാതിയാണ് ലഭിച്ചത്. അതിൽ 95 ശതമാനവും പരിഹരിച്ചതായി മേയർ പറഞ്ഞു.
നൂറ് വാർഡ് ഉൾപ്പെട്ട 11 സോണൽ ഓഫീസിലെയും പരാതികൾ മേയറുടെ നേതൃത്വത്തിൽ നേരിട്ട് കേൾക്കുന്നതാണ് ക്യാമ്പയിൻ. ആദ്യദിനം ശ്രീകാര്യം സോണലിൽ 104 പേരുടെ പരാതി മേയർ നേരിട്ട് കേട്ടു. 24 പരാതി ഉടൻ പരിഹരിച്ചു. ബാക്കിയുള്ളവ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും സോണൽ ഓഫീസ് സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാജു, സ്ഥിരം സമിതി അധ്യക്ഷരായ എൽ എസ് ആതിര, എസ് സലീം, പി ജമീല ശ്രീധരൻ, ഡി ആർ അനിൽ, കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
24 പരാതി തീർപ്പാക്കി
കഴക്കൂട്ടം
ശ്രീകാര്യം സോണൽ ഓഫീസിൽ വെള്ളിയാഴ്ച നടന്ന ജനകീയ ക്യാമ്പയിനിൽ ദീർഘനാളായി മുടങ്ങിക്കിടന്ന 24 പരാതി മേയറുടെ നേതൃത്വത്തിൽ തീർപ്പാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന ഓണർഷിപ് സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയാണ് തീർപ്പാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..