23 September Wednesday
കലാഭവൻ സോബിയെ ചോദ്യംചെയ്യും

തമ്പിയെയും വിഷ്‌ണുവിനെയും സംശയമെന്ന്‌ ബാലുവിന്റെ മാതാപിതാക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തിരുവനന്തപുരം
ബാലഭാസ്‌കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിൽ പ്രകാശ്‌ തമ്പിയെയും വിഷ്‌ണുവിനെയും സംശയമുണ്ടെന്ന്‌ സിബിഐക്ക്‌ മുന്നിൽ മാതാപിതാക്കളുടെ മൊഴി. അപകടം ആസൂത്രിതമാണെന്ന്‌ വിശ്വസിക്കുന്നതായും ബാലുവിന്റെ അച്ഛന്‍ കെ സി ഉണ്ണിയും അമ്മ ശാന്തകുമാരിയും മൊഴി നൽകി.
 
പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി ബാലുവിന് ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. അപകടശേഷം പ്രകാശ്‌ തമ്പി, വിഷ്‌ണു എന്നിവരുടെയും പൂന്തോട്ടം കുടുംബത്തിന്റെയും പെരുമാറ്റം ദൂരൂഹത നിറഞ്ഞതായിരുന്നു. ആശുപത്രിയിൽനിന്ന്‌ തങ്ങളെ അകറ്റി നിർത്താൻ ഇഇവര്‍ ശ്രമിച്ചു. ബാലുവിന്റെ എടിഎം കാർഡുകൾ, മൊബൈൽ ഫോൺ ഉൾപ്പെടെ തമ്പി കൈവശപ്പെടുത്തി.  മൊബൈൽഫോൺ ഫോർമാറ്റ്‌ ചെയ്‌തതായും വിവരം ലഭിച്ചു. വാഹനം ഓടിച്ചത്‌ അർജുനാണെന്ന്‌ ബാലു പറഞ്ഞിരുന്നു. 
താനല്ല, ബാലഭാസ്‌കറാണ്‌ വാഹനം ഓടിച്ചതെന്ന്‌ അർജുൻ പിന്നീട്‌ തിരുത്തിയതിലും ദുരൂഹതയുണ്ട്‌.
 
 അവസാന ദിവസവും   ബാലുവിന്‌ ബോധമുണ്ടായിരുന്നു. വ്യക്തമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ചുണ്ടനക്കം ശ്രദ്ധിച്ചാൽ പറയുന്നത്‌ എന്താണെന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. തമ്പിയും വിഷ്‌ണും സ്വർണക്കടത്ത്‌ കേസിൽ അറസ്‌റ്റിലായത്‌ അപകടവുമായി ബന്ധപ്പെട്ട സംശയം ബലപ്പെടുത്തിയതായും ഇരുവരും പറഞ്ഞു.
 
 സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഉണ്ണി പിന്നീട്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ബുധനാഴ്‌ച പകൽ 3.45ന്‌ ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട്‌ 6.30നാണ്‌ പൂർത്തിയായത്‌. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി, ഇവരുടെ സഹോദരൻ പ്രസാദ്‌ എന്നിവരുടെ മൊഴിയു മെടുത്തിരുന്നു.
 
ഇനി കലാഭവൻ സോബിയെ ചോദ്യം ചെയ്യാനാണ്‌ സിബിഐ തീരുമാനം. ഇയാളെ തിരുവനന്തപുരത്ത്‌ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതി സരിത്തിനെ ബാലഭാസ്‌കറിന്റെ കാർ അപകടപ്പെട്ട സ്ഥലത്ത്‌ കണ്ടതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്‌ സിബിഐ ഏറ്റുവാങ്ങി. അപകടം ആസൂത്രിതമല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top