23 September Wednesday

കാമുകിയുടെ വീട്ടിൽനിന്ന്‌ സ്വർണം കവർന്നയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
വിതുര 
കാമുകിയുടെ വീട്ടിൽനിന്ന് 25 പവന്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ഉഴമലയ്ക്കൽ വാലൂക്കോണം സുഭദ്രാ ഭവനിൽ രാജേഷ് (32) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിതുര അടിപ്പറമ്പിലെ ഒരു വീട്ടമ്മയുമായി ഇയാള്‍ക്ക് സൗഹൃദമുണ്ടായിരുന്നു. ഇവരുടെ അറിവോടെയായിരുന്നു കവര്‍ച്ച.
 
ശനിയാഴ്ച വീട്ടമ്മയും ഭര്‍ത്താവും ചികിത്സാവശ്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്നു. ഭര്‍ത്താവിന്റെ അമ്മ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ തന്നെ മോഷണത്തിലെ അസ്വാഭാവികത ബോധ്യപ്പെട്ടു. കിടപ്പുമുറിയിലെ രഹസ്യ അറയില്‍നിന്നു മോഷ്ടിച്ചത് പരിചയക്കാരോ അല്ലെങ്കില്‍ അത്രയും അടുപ്പമുള്ള മറ്റാരോ ആയിരിക്കാമെന്ന് പൊലീസ് നി​ഗമനത്തിലെത്തി.
 
തുടർന്ന് വീട്ടുകാരെ ചോദ്യംചെയ്തതിലൂടെയും വീട്ടമ്മയുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ചതിലൂടെയുമാണ് യാഥാർഥ്യം വെളിപ്പെട്ടത്. വീട്ടമ്മയുമായി ഫോൺ വഴി സൗഹൃദം സ്ഥാപിച്ച രാജേഷ് ഭീഷണിപ്പെടുത്തി നിരന്തരം പണം വാങ്ങിയിരുന്നു. വാഹനം വാങ്ങാൻ 10  ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോഴാണ് വീട്ടിലുള്ള സ്വർണത്തെപ്പറ്റിയും ആശുപത്രിയിൽ പോകുന്ന ദിവസത്തെപ്പറ്റിയും വീട്ടമ്മ  രാജേഷിന് വിവരം നല്‍കിയത്. തുടര്‍ന്നായിരുന്നു മോഷണം. മോഷ്ടിച്ച സ്വര്‍ണം പണയപ്പെടുത്തിയ രാജേഷ് ഒരു സ്കോര്‍പിയോയും വാങ്ങിയിരുന്നു.
 
വണ്ടിയും സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. വിതുര പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ എസ് എൽ സുധീഷ്, സിപിഒമാരായ നിതിൻ, ശരത്ത്, ഷിജു റോബർട്ട് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top