25 September Friday

ബിജുലാൽ 2 മാസത്തിനിടെ 74 ലക്ഷം തട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തിരുവനന്തപുരം
ട്രഷറി തട്ടിപ്പ്‌ കേസിൽ അറസ്‌റ്റിലായ ബിജുലാൽ രണ്ട്‌ കോടിക്ക്‌ പുറമെ 74 ലക്ഷംരൂപ തട്ടിയെടുത്തതിന്റെ രേഖ പൊലീസിന്‌ ലഭിച്ചു. ട്രഷറി ആസ്ഥാനത്തുനിന്നാണ്‌ രേഖ ലഭിച്ചത്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ രണ്ട്‌ ഇടപാടുകളിലായാണ്‌ തട്ടിയെടുത്തത്‌.അതിന്‌ മുമ്പ്‌ സഹപ്രവർത്തകയുടെ 60,000 രൂപയും തട്ടിയെടുത്തിരുന്നു. അവര്‍ പരാതി നൽകുമെന്ന്‌ വന്നതോടെ തിരി കെ നല്‍കി.  വഞ്ചിയൂർ സബ്‌ ട്രഷറി ഓഫീസർ ഭാസ്‌കർ അവധിയിൽ പോയപ്പോഴാണ്‌ അദ്ദേഹത്തിന്റെ പാസ്‌വേഡ്‌ ഉപയോഗിച്ച്‌ 74 ലക്ഷം തട്ടിയത്‌. ഈ പണം ഭാര്യക്ക്‌ സ്വർണം വാങ്ങാനും സഹോദരിക്ക്‌ ഭൂമി വാങ്ങാനും ഉപയോഗിച്ചതായും മൊഴിയുണ്ട്‌. 
 
74 ലക്ഷം തട്ടിയെടുത്തത്‌ അറിയാതിരിക്കാൻ ഇടപാട്‌ ഡിലീറ്റ്‌ ചെയ്‌തു. ട്രഷറി ഓഫീസർ വിരമിച്ചതോടെ രണ്ട്‌ കോടി തട്ടുകയായിരുന്നു.
 

ഒറ്റദിവസം തുലച്ചത്‌ പത്ത്‌ ലക്ഷം രൂപവരെ 

 

ഓൺലൈൻ റമ്മികളിയിൽ ഒരു ദിവസംമാത്രം ബിജുലാലിന്‌ നഷ്‌ടമായത്‌ പത്ത്‌ ലക്ഷംരൂപ. റമ്മി സർക്കിൾ എന്ന ഓൺലൈൻ പോർട്ടൽ വഴിയായിരുന്നു പ്രധാന കളി. ടൂഡി, ഡബിൾ ടി തുടങ്ങിയ പോർട്ടൽ വഴിയും കളിയുണ്ട്‌.ഇതിന്റെ വിവരം വിദഗ്‌ധർ ശേഖരിച്ചു വരികയാണ്‌.
 

അന്വേഷണം താമരശ്ശേരിയിലേക്ക്‌ 

 

ബിജുലാലിന്റെ സാമ്പത്തിക ഇടപാട്‌ അന്വേഷിക്കാൻ പൊലീസ്‌ കോഴിക്കോട്‌ താമരശ്ശേരിയിലേക്ക്‌. എസ്‌ബിഐയുടെ താമരശ്ശേരി ശാഖയിലെ  അക്കൗണ്ടിലേക്കാണ്‌ തട്ടിയെടുത്ത പണം ബിജുലാൽ മാറ്റിയത്‌.
 
അവിടുത്തെ ട്രഷറിയിൽ ജോലി ചെയ്യുമ്പോഴാണ്‌ അക്കൗണ്ട്‌ തുടങ്ങിയത്‌. ബിജുലാലിന്റെ ഭാര്യയെയും സഹോദരിയെയും അടുത്ത ദിവസം ചോദ്യം ചെയ്യും. സഹോദരിയുടെ അക്കൗണ്ടിലേക്കും പണം നൽകിയതായി ബിജുലാൽ മൊഴി നൽകി‌.
 

ഒരു സംഘടനയിലും അംഗമല്ല

 

ഒരു രാഷ്‌ട്രീയ പാർടിയുമായോ സർവീസ്‌ സംഘടനയുമായോ ബന്ധമില്ലെന്ന്‌ ബിജുലാൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടില്ല. എല്ലാ സംഘടനകളുടെയും പോസ്‌റ്റുകൾ താൻ ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്‌. ബിജുലാൽ എൻജിഒ യൂണിയൻ അംഗമാണെന്ന്‌ കഴിഞ്ഞ ദിവസം ചിലർ പ്രചരിപ്പിച്ചിരുന്നു.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top