24 September Thursday

"കോവിഡ്–- -19 സേഫ്റ്റി' ആപ്പുമായി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തിരുവനന്തപുരം
ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായി "കോവിഡ്–- 19 സേഫ്ടി' ആപ്പുമായി സിറ്റി പൊലീസ്. ആപ്പിലൂടെ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ആപ്‌ പ്ലേ- സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. എല്ലാ സ്റ്റേഷനിലെയും എസ്എച്ച്ഒമാർക്ക് ഇതിന്റെ ലിങ്ക് ലഭ്യമാക്കി‌. ബീറ്റ് ഓഫീസർമാരുടെ സഹായത്തോടെ ക്വാറന്റൈനിൽ കഴിയുന്നവരെ ഈ ആപ് അവരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യിച്ച് അതാത് എസ്എച്ച്ഒമാർ നിരീക്ഷിക്കും. ഇവർ സൈബർ പൊലീസ് വിഭാഗത്തിന്റെയും കർശന നിരീക്ഷണത്തിലായിരിക്കും. ഹോം- ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും ഇവരെ സർക്കാർ ക്വാറന്റൈനിൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കമീഷണർ അറിയിച്ചു.
 
നഗരത്തിലെ കോവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനായി അതാത് സ്റ്റേഷനുകളിൽ പ്രത്യേക ടീം രൂപീകരിച്ചു. സ്റ്റേഷൻ പരിധിയിൽ പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകളിൽനിന്ന്‌ പരമാവധി വിവരശേഖരണം നടത്തി സമ്പർക്ക പട്ടിക തയ്യാറാക്കലും ആരംഭിച്ചു. ഇങ്ങനെ തയ്യാറാക്കുന്ന സമ്പർക്ക പട്ടികയുടെ അടിസ്ഥാനത്തിൽ അതാത്‌ സ്റ്റേഷനിലെ ജനമൈത്രി സിആർഒയും ബീറ്റ് ഓഫീസർമാരും ഉൾപ്പെടുന്ന ക്വാറന്റൈൻ ചെക്കിങ്‌ ടീം നേരിട്ടും ഫോണിലൂടെയും സമീപ വാസികളുടെ സഹായത്തോടെയും പരിശോധന നടത്തും. 
 

724 പേർക്ക്‌‌ പിഴ 

 

കോവിഡ്- സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്ത 921 പേർക്കെതിരെ ബുധനാഴ്ച കേസെടുത്തു. മാസ്ക് ധരിക്കാത്ത 724 പേരിൽനിന്ന്‌ പിഴ ഈടാക്കി. സാമൂഹ്യഅകലം പാലിക്കാത്ത 79 -പേർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 51 കട പൂട്ടിക്കുന്നത്‌ ഉൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിച്ചു. മാർഗ നിർദേശം പാലിക്കാതെ സർവീസ് നടത്തിയ 67 ഓട്ടോറിക്ഷയ്‌ക്കെതിരെയും നടപടിയെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top