25 August Sunday

അപ്പുവിന്റെ വിജയകഥകേട്ട‌് ‘സ‌്നേഹക്കൂട്ടി’ലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

ഓട്ടിസം ബാധിതരായ കുട്ടികൾക്കുള്ള മൾട്ടി സെൻസറി പാർക്ക്‌ ഉദ്‌ഘാടനശേഷം മന്ത്രി സി രവീന്ദ്രനാഥ്‌ കാണുന്നു

- തിരുവനന്തപുരം
അപ്പുവിന്റെ വിജയകഥ കേട്ട‌് ആഹ്ലാദത്തോടെ ‘സ‌്നേഹക്കൂട്ടിൽ’ ചേക്കേറി ഓട്ടിസം ബാധിതരായ കുരുന്നുകൾ. തിരുവനന്തപുരം സൗത്ത‌് യുആർസി ഓട്ടിസം സെന്ററിൽ  സെൻസറി പാർക്ക‌് തുറന്നപ്പോഴാണ‌് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് അപ്പുവിന്റെ കഥ കുട്ടികളോട‌് പറഞ്ഞത‌്.
 
‘‘എനിക്ക‌് വളരെ അടുപ്പമുള്ള കുടുംബത്തിലെ കുട്ടിയാണ‌് അപ്പു. ഒന്നിനും കഴിവില്ലാത്തവൻ എന്ന‌് അവനെ ഉറ്റവർ വിധി എഴുതി. അവൻ ഇടയ‌്ക്ക‌് വീട്ടിൽ വരും.  തുടർച്ചയായി നിരീക്ഷിച്ചപ്പോൾ ഒരു കാര്യം കണ്ടെത്തി. അപ്പുവിന്റെ വിരലുകൾ എപ്പോഴും താളം പിടിച്ചുകൊണ്ടിരിക്കും. താളംപിടിക്കാനുള്ള സർഗവാസന അവനുണ്ടെന്ന‌് മനസ്സിലാക്കി. മാതാപിതാക്കളോട‌് മൃദംഗം പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. അവർ ആദ്യം താൽപ്പര്യം കാണിച്ചില്ലെങ്കിലും പിന്നീട‌് പാലക്കാട‌് സംഗീത കോളേജിൽ ചേർത്തു. ഇപ്പോഴവൻ പിജി വിജയകരമായി പൂർത്തിയാക്കി. അസൽ മൃദംഗവാദകനുമായി. അപ്പുവിനെ ഒരിക്കൽ ഇവിടെ കൊണ്ടുവരാമെന്നും -മന്ത്രി പറഞ്ഞു. അപ്പുവിനെ പോലെ ഇവിടെയുള്ള കുട്ടികളിലും ഒരോ കഴിവുകൾ ഉണ്ടാകും. അത‌് തിരിച്ചറിഞ്ഞ‌് കുട്ടിയെ മികവിലേക്ക‌് ഉയർത്തേണ്ട ഉത്തരവാദിത്തം അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
എല്ലാ ജില്ലയിലും ഓട്ടിസം പാർക്ക‌് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഏഴ‌് കോടി രൂപയാണ‌് ഇതിനായി നീക്കിവച്ചിരിക്കുന്നത‌്. മുഴുവൻ മണ്ഡലത്തിലും സർക്കാർ ഓട്ടിസം പാർക്ക‌് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭാസ സ‌്റ്റാൻഡിങ‌് സമിതി ചെയർമാൻ എസ‌് സുദർശനൻ അധ്യക്ഷനായി. എസ‌്ബിഐ ലൈഫ‌് ഇൻഷുറൻസ‌് കമ്പനി റീജ്യണൽ ഡയറക്ടർ സന്തോഷ‌് ചാക്കോ വിദ്യാഭ്യാസ മന്ത്രിക്ക‌് ചെക്ക‌്  കൈമാറി. കൗൺസിലർ ആർ സുരേഷ‌്, എ നജീബ‌്, ജിമ്മി കെ ജോസ‌്, സി മനോജ‌്, കെ ജെ ഹരികുമാർ, എൻ ടി ശിവരാജൻ, എസ‌് വൈ ഷൂജ, സി എം ഷൈലജ ഭായി, ഫ‌്ളവർ ഷാർലറ്റ‌്, ഷീബ ഗോപിനാഥൻ, തോമസ‌് വർഗീസ‌്, ആർർ എസ‌് ബിന്നി , ആനന്ദ‌് പിള്ള, ശശിധരൻ എന്നിവർ സംസാരിച്ചു. ബി ശ്രീകുമാരൻ സ്വാഗതവും ബി എൽ രാജീവ‌് നന്ദിയും പറഞ്ഞു. 
സത്രം സ‌്കൂൾ കോമ്പൗണ്ടിലാണ‌്  ‘മൾട്ടി സെൻസറി പാർക്ക‌്’.  സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ ഓട്ടിസം കുട്ടികളെ പ്രാപ‌്തരാക്കുകയാണ‌് മൾട്ടി സെൻസറി പാർക്കിന്റെ ലക്ഷ്യം. അനുയോജ്യമായ അന്തരീക്ഷവും ശാസ‌്ത്രീയമായ ഉപകരണങ്ങളും  സ‌്നേഹക്കൂട്ടിൽ ഒരുക്കിയിട്ടുണ്ട‌്.  എസ‌്എസ‌്കെയുടെ കീഴിലെ ഒരു ഓട്ടിസം സെന്ററിൽ  ആദ്യമായാണ‌് സെൻസറി പാർക്ക‌് സ്ഥാപിക്കുന്നത‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top