തിരുവനന്തപുരം
എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ബംഗളൂരുവിൽനിന്ന് രക്ഷപ്പെട്ട ഹാഷിഷ് കടത്തുകേസിലെ പ്രതി ജി കെ എന്ന ജോർജ് കുട്ടി ആന്ധ്രയിലേക്ക് കടന്നതായി സൂചന. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞ കേന്ദ്രത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ എത്തുന്നതിന് തൊട്ടുമുമ്പാണ് മുങ്ങിയത്. ആന്ധ്രയിലെ നക്സൽ മേഖലയിലേക്ക് കടക്കാനാണ് സാധ്യത. പ്രതി മുങ്ങിയതുമായി ബന്ധപ്പെട്ട് ശനിയാഴ്ച എക്സൈസ് കോടതിയിൽ റിപ്പോർട്ട് നൽകും.
വ്യാഴാഴ്ച തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് ഇയാൾ മുങ്ങിയത്. 20 കിലോ ഹാഷിഷുമായി എക്സൈസ് തിരുവനന്തപുരം ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത ജോർജ് കുട്ടിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടതായിരുന്നു. മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്ത്എത്തിയപ്പോൾ ഇയാൾ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ എക്സൈസ് ഉദ്യോഗസ്ഥർ ഒരു കൈയിലെ വിലങ്ങ് അഴിച്ചു. ഈ സമയം എക്സൈസ് ഉദ്യോഗസ്ഥനായ സുരേഷ് ബാബുവിനെ മർദിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇയാളെ പിടികൂടാനായി ബംഗളൂരുവിലെത്തിയ ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജോർജ് കുട്ടിയുടെ കൂട്ടാളികളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ അയാൾ എത്തിയ എലഹങ്കയിലെ സങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചു. എക്സൈസ് സംഘം അവിടെ എത്തിയപ്പോഴേക്കും ജോർജ് കുട്ടി രക്ഷപ്പെടുകയായിരുന്നു.