ചിറയിൻകീഴ്
ബൈക്ക് മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. പരിശോധനയിൽ യുവാവിൽ നിന്ന് ഒന്നര ലക്ഷം രൂപയും കണ്ടെടുത്തു. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷന് സമീപം വിളക്കുമാടം ജോസ് (23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടയ്ക്കാവൂർ പൊലീസ് പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ യുവാവിനെ ബൈക്കുമായി കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ നോക്കിയ ഇയാളെ പിൻതുടർന്ന് പിടികൂടി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ദേഹപരിശോധനയിൽ ഷൂസിനുളളിൽ ഒളിപ്പിച്ച നിലയിൽ ഒന്നര രക്ഷം രൂപയും കണ്ടെത്തി.
അന്വേഷണത്തിൽ, അഞ്ചുതെങ്ങിലെ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണിയാളെന്ന് തിരിച്ചറിഞ്ഞു.അന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെടുക്കാൻ സാധിച്ചില്ല. മോഷണ മുതൽ വിറ്റ് കിട്ടിയ തുക ഉപയോഗിച്ച് ആഡംബര ബൈക്ക് വാങ്ങാൻ തിരുവനന്തപുരത്തെ ബൈക്ക് ഷോറൂമിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകി. ബാക്കി തുകയുമായ് പോകുന്ന സമയത്താണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് പോകുവാൻ കടയ്ക്കാവൂർ സ്വദേശി റോയിയുടെ ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെടാനായിരുന്നു പദ്ധതിയെങ്കിലും പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
അഞ്ചുതെങ്ങ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ മയക്കുമരുന്ന് കടത്ത്, വീട് അടിച്ച് തകർത്ത കേസ് എന്നിവയുണ്ട്. കടയ്ക്കാവൂർ എസ്എച്ച് ഒ ശ്രീകുമാർ, എസ് ഐ വിനോദ്, വിക്രമാദിത്യൻ, ജി എസ് ഐ നൗഷാദ്, സിപിഒമാരായ അരുൺ, സുജിത്ത്, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.