07 July Tuesday
വടിവാളുമായി പ്രവർത്തകരുടെ പോർവിളി

കോൺഗ്രസ്‌ നേതാക്കൾ തെരുവിൽ തമ്മിലടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

കെഎസ്‌‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീടിന്‌ മുന്നിൽ വടിവാളുമായി ഡിസിസി ജനറൽ സെക്രട്ടറിയുടെ അനുയായികൾ

വർക്കല/ കിളിമാനൂർ 
ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ വടിവാളും മാരകായുധങ്ങളുമായെത്തിയ സംഘം കെഎസ്‌‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീടാക്രമിച്ചു. കല്ലമ്പലത്ത് വെള്ളിയാഴ്‌ച‌ പകലാണ്‌ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമം അരങ്ങേറിയത്‌‌. മൂന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർ പിടിയിലായി. 
 
വ്യാഴാഴ്‌ച പകൽ 11 ഓടെ വർക്കല മൈതാനത്തുനിന്ന്‌ തുടങ്ങിയ ആക്രമണമാണ്‌ കല്ലമ്പലത്തേക്ക്‌ വ്യാപിച്ചത്‌. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലമ്പലം നബീലിന്റെ വീട്‌  ഡിസിസി സെക്രട്ടറിയും മണമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന  റിഹാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമിച്ചത്‌. ഇരുവരും ഐ ഗ്രൂപ്പുകാരാണ്‌. ഐഎൻടിയുസി ജില്ലാഭാരവാഹിയായ നൈസാം (36), കോൺഗ്രസ് പ്രവർത്തകരായ കുഞ്ഞുമോൻ (37), ഷെരീഫ് (36) എന്നിവരാണ്‌ അറസ്റ്റിലായത്. 
റിഹാസും നബീലും തമ്മിൽ തർക്കമുള്ളതായി പ്രവർത്തകർ പറയുന്നു. ‌വെള്ളിയാഴ്‌ച പകൽ 11 ന്‌ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  വർക്കല മൈതാനത്ത്‌ ഐഎൻടിയുസിയുടെ വൃക്ഷത്തൈ നടീലിനോടൊപ്പം കെഎസ്‌യുവിന്റെ നേതൃത്വത്തിൽ തൈ നടീലും സംഘടിപ്പിച്ചതാണ്‌ സംഘർഷത്തിനുകാരണമായത്‌. രാവിലെ മൈതാനത്ത്‌ തമ്മിലടിച്ച പ്രവർത്തകരെ വർക്കല പൊലീസെത്തിയാണ്‌ തുരത്തിയോടിച്ചത്‌. 
പകൽ 1.30 ഓടെ റിഹാസിന്റെ നേതൃത്വത്തിൽ കാറിലും ബൈക്കിലും കല്ലമ്പലത്തെത്തിയ സംഘം നബീലിന്റെ വീടാക്രമിക്കുകയായിരുന്നു. നബീലിന്റെ വീടിനുള്ളിലുണ്ടായിരുന്ന സംഘം തിരിച്ചും ആക്രമിച്ചതോടെ പ്രദേശം യുദ്ധക്കളമായി. ഇരുവിഭാഗവും തമ്മിൽ ഏറെ നേരം കല്ലേറ്‌ നടത്തി. 
 
തന്റെ സഹോദരിയെ ഡിസിസി സെക്രട്ടറിയുടെ സംഘം  കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും വീടിന്റെ ജനൽ പാളികൾക്കും മറ്റും കേടുപാടുകൾ വരുത്തിയതായും നബീൽ പൊലീസിന് പരാതി നൽകി. തുടർന്നാണ്‌ മൂന്നുപേരെ അറസ്‌റ്റ്‌ ചെയ്‌തത്‌. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങൾ കോൺഗ്രസുകാർതന്നെ പ്രചരിപ്പിച്ചു. 
 
കല്ലമ്പലം സി ഐ ഫറോസ്, എസ് ഐ മാരായ നിജാം, സനിൽ കുമാർ, സിപിഒമാരായ ഷാൻ, പ്രശാന്ത്, അശോകൻ, മനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
വ്യാഴാഴ്ച വർക്കലയിൽ അടൂർപ്രകാശ്‌ എംപി പങ്കെടുത്ത പരിപാടിയിലും ഐ ഗ്രൂപ്പുകാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top