പേരൂർക്കട
മണികണ്ഠേശ്വരത്ത് ഞായറാഴ്ച ആർഎസ്എസ് നടത്തിയ ഭീകര വാഴ്ചയ്ക്കെതിരെ യുവജന പ്രതിഷേധം.
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ സംഘപരിവാർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഞായറാഴ്ച ഡിവൈഎഫ്ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് മണികണ്ഠേശ്വരത്ത് സ്ഥാപിച്ച കൊടിമരവും പതാകയും ആർഎസ്എസ് ക്രിമിനലുകൾ തകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ് കൃഷ്ണയടക്കം നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരെ മൃഗീയമായി ആക്രമിക്കുകയും ചെയ്തു.
മണികണ്ഠേശ്വരത്ത്നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു. നെട്ടയം ജങ്ഷനിൽ നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനംചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് അധ്യക്ഷനായി. സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജ ലാൽ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെ എസ് ഷിജുഖാൻ, എസ് കവിത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി അനൂപ്, എ എം അൻസാരി, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.