Deshabhimani

ഇതാ, പൂക്കളം തയ്യാർ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:32 AM | 0 min read

 
തിരുവനന്തപുരം 
ഓണത്തെ വരവേൽക്കാൻ നാടാകെ ഒരുങ്ങിയിരിക്കുന്നു, നാളെ അത്തം, പത്താം നാൾ പൊന്നോണം. ഒരുക്കങ്ങളിൽ പ്രധാനം പൂക്കളം തന്നെ. പതിവ്‌ തെറ്റിച്ച്‌ വിപണിയിൽ പുതിയൊരു ഐറ്റമെത്തിയിട്ടുണ്ട്‌, "റെഡിമെയ്‌ഡ്‌ പൂക്കളം'. തുണിയിൽ നിർമിച്ച പൂക്കളം ഡൽഹിയിൽ നിന്നാണ്‌ ഇങ്ങോട്ട്‌ ട്രെയിൻ കയറിയത്‌. ചാല മാർക്കറ്റിലെ പല കടകളിലും ഈ പൂക്കളം വിൽക്കാനുണ്ട്‌, 700രൂപയാകും. അഞ്ചിലേറെ നിറങ്ങളുള്ള പതിനഞ്ചോളം ഡിസൈനുകളിൽ കിട്ടും. മഴ നനഞ്ഞ്‌ നശിക്കുമെന്നോ വെയിൽകൊണ്ട്‌ കരിയുമെന്നോ ആശങ്ക വേണ്ട. അടുത്ത വർഷങ്ങളിലേക്കും മാറ്റിവയ്ക്കാം. 
 "റീൽസിന്റെ  ലോകത്ത്‌ ഇത്തരം പൂക്കളത്തിന്‌ നല്ല ഡിമാന്റാണ്‌. ഫോട്ടോ ഷൂട്ടിനായാണ്‌  ആവശ്യക്കാരെത്തുന്നത്‌. വിദേശത്തേക്ക്‌ പോകുന്നവരും അവിടുത്തെ ഓണാഘോഷത്തിനായി വാങ്ങാനെത്താറുണ്ട്‌. എവിടെ വേണമെങ്കിലും കൊണ്ടുപോകാം. അത്തം മുതൽ പത്ത്‌ ദിവസം  വ്യത്യസ്ത രീതിയിൽ പൂക്കളമിടാനാകില്ല എന്നതുമാത്രമാണ്‌ പരിമിതി ''–-  കടയുടമ  സന്തോഷ്‌ പറയുന്നു.
കൃത്രിമ പൂക്കളമൊക്കെ ഉണ്ടെങ്കിലും നമ്മുടെ പൂ വിപണിയും ഒട്ടും പിന്നിലല്ല. സേലത്തു നിന്നും തിരുനെൽവേലിയിൽ നിന്നും വൻതോതിൽ ഓണപ്പൂക്കൾ എത്തിത്തുടങ്ങി. അരളി തന്നെ പല നിറങ്ങളിലുണ്ട്. വെള്ള, ചുവപ്പ്‌, പിങ്ക്‌ നിറങ്ങളിലുള്ള അരളിക്ക്‌ പല വിലയാണ്. ആവശ്യക്കാർ ഏറെയുള്ളത്‌ ചെണ്ടുമല്ലിക്കും ജമന്തിക്കുമാണ്‌. പനിനീർപ്പൂക്കളും പലനിറമുണ്ട്. കോഴിപ്പൂ, വാടാമല്ലി തുടങ്ങിയ വ്യത്യസ്ത നിറങ്ങളിലെ പൂക്കൾ ലഭിക്കും. പൂക്കളത്തിലെ പച്ച നിറത്തിന്‌ ഇടാനായി തുളസിയില മുതൽ പലയിനം ഇലകളും വിപണിയിലുണ്ട്‌. കുടുംബശ്രീ നേതൃത്വത്തിലും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തുന്ന പൂക്കൃഷികളും വിളവെടുപ്പിനൊരുങ്ങിയിട്ടുണ്ട്‌. അവകൂടി വിപണിയിലെത്തുമ്പോൾ  വിലയിലും വ്യത്യാസമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. 


deshabhimani section

Related News

View More
0 comments
Sort by

Home