24 August Saturday
നെടുമങ്ങാട‌് കൊലപാതകം

അമ്മയുടെ കാമുകൻ മീരയെ പീഡിപ്പിക്കാൻ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
 
നെടുമങ്ങാട് 
നെടുമങ്ങാട്ട‌് മീരയെന്ന പെൺകുട്ടിയെ അമ്മയും കാമുകനും ചേർന്ന‌് കൊലപ്പെടുത്തിയ കേസിൽ നിർണായക മൊഴി. മീരയെ തന്റെ കാമുകൻ അനീഷ‌് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി അമ്മ മഞ്ജുഷ മൊഴി നൽകിയതായി പൊലീസ‌് പറഞ്ഞു. 
 
അമ്മയുടെ മൗനാനുവാദത്തോടെ ആയിരുന്നു പീഡന ശ്രമമെന്നും തന്റെ കാമുകനെക്കൊണ്ട‌് മകളെ വിവാഹം കഴിപ്പിക്കാനായിരുന്നു മഞ‌്ജുഷയുടെ ശ്രമമെന്നും പൊലീസ‌് പറഞ്ഞു. പീഡനത്തിനും വിവാഹത്തിനും എതിരു നിന്നതുകൊണ്ടാണ‌് പതിനാറുകാരിയായ മീരയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. 
മീരയുടെ അമ്മ തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ മഞ്ജുഷയേയും ഇവരുടെ കാമുകൻ കാരാന്തല കുരിശടി മുക്കിൽ അനീഷിനേയും കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. 
 
അനീഷുമായുള്ള തന്റെ അടുപ്പം തുടരാനാണ‌് മകളെ  വിവാഹം ചെയ്ത‌് നൽകാൻ ആലോചിച്ചതെന്ന‌് മഞ്ജുഷ മൊഴി നൽകി. വിവാഹം നടന്നാൽ തങ്ങളുടെ ബന്ധം രഹസ്യമായി തുടരാമെന്ന് ഇരുവരും കണക്കുകൂട്ടി. മീരയെ മഞ‌്ജുഷ പലതവണ നിർബന്ധിച്ചിരുന്നു. എന്നാൽ, അനീഷുമായുള്ള ബന്ധം തുടരാനാവില്ലെന്ന മീരയുടെനിലപാടിൽ മാറ്റമുണ്ടായില്ല. ഇതിൽ പകപൂണ്ട ഇരുവരും കുട്ടിയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.
 
കൊലപാതകം നടന്ന 10 ന് രാത്രി 8.30 ഓടെ അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് മീര ചോദ്യം ചെയ്തു. തുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന കുട്ടിയെ മഞ്ജുഷ ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മീര മരിച്ചുകാണുമെന്ന് കരുതി ബൈക്കിൽ കയറ്റി അനീഷിന്റെ വീടിന് സമീപമെത്തിച്ച് കിണറ്റിൽ തള്ളുകയായിരുന്നു.
 
കൊലപാതകത്തിനുപയോഗിച്ച ഷാളുമായാണ് ഇവർ തമിഴ്‍നാട്ടിലേയ്ക്ക് പോയത്. നാഗർകോവിലിന്‌ സമീപം ഉപേക്ഷിച്ച ഷാൾ തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തിരുന്നു. നാല് ദിവസത്തെ തെളിവ് ശേഖരണത്തിനുശേഷം മഞ്ജുഷയെയും അനീഷിനെയും നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി.
പ്രധാന വാർത്തകൾ
 Top