14 May Friday

കടുവയും സിംഹവും 
പ്രത്യേക നിരീക്ഷണത്തിൽ

സ്വന്തം ലേഖികUpdated: Wednesday May 5, 2021
തിരുവനന്തപുരം
ഹൈദരാബാദ്‌ നെഹ്‌റു സുവോളജിക്കൽ പാർക്കിൽ എട്ട്‌ ഏഷ്യൻ സിംഹങ്ങൾക്ക്‌ കോവിഡ്‌ ബാധിച്ച സാഹചര്യത്തിൽ മൃഗങ്ങളുടെ സുരക്ഷ ശക്തമാക്കി തിരുവനന്തപുരം മൃഗശാലാ അധികൃതർ. ഇതിന്റെ ഭാഗമായി ഡയറക്ടറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രത്യേക യോഗം ചേർന്നു. 
സിംഹം, കടുവ എന്നീ ജീവികളിൽ ലോകത്ത്‌ പലയിടത്തും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. അതിനാൽ കടുവ, സിംഹം, പുള്ളിപ്പുലി എന്നീ മൃഗങ്ങളെ കൂടുതൽ ശ്രദ്ധിക്കാനും ആരോഗ്യസേവനം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. പൂർണസമയം ഇവയെ പ്രത്യേകം ശ്രദ്ധിക്കാൻ മൂന്ന്‌ കീപ്പർമാർക്ക് ചുമതല നൽകി. രണ്ട്‌ ഡോസ്‌ കോവിഡ്‌ വാക്സിൻ സ്വീകരിച്ചവരെയാണ്‌ പ്രത്യേക കീപ്പർമാരായി നിയമിച്ചത്‌. കോവിഡ്‌ വ്യാപനം ശക്തമായതോടെ ഒന്നിടവിട്ടാണ്‌ ജീവനക്കാർ എത്തിയിരുന്നത്‌. 
കീപ്പർമാർ മൃഗങ്ങളെ സ്പർശിക്കില്ല. അവരിൽനിന്ന്‌ അകലം പാലിക്കുകയും മാസ്ക്‌, ഗ്ലൗസ്‌ തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുകയും ചെയ്യും. മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കാനും ലക്ഷണങ്ങളുണ്ടായാൽ ഉടൻ ഡോക്ടറെ അറിയിക്കാനും ഇവർക്ക്‌ നിർദേശമുണ്ട്‌.  
കടുവയ്ക്കും സിംഹത്തിനും പുറമെ കുരങ്ങുകളെയും പ്രത്യേകം നിരീക്ഷിക്കും. മറ്റെല്ലാ മൃഗങ്ങളുടെ കൂടുകളിലും ഇടവേളകളിൽ അണുനശീകരണം സ്ഥിരമായി ചെയ്യുന്നുണ്ട്‌. മൃഗങ്ങൾ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാൻ എല്ലാ കീപ്പർമാർക്കും നിർദേശം നൽകിയിട്ടുണ്ട്‌. കോവിഡ്‌ നിയന്ത്രണവിധേയമാകുന്നതുവരെ സന്ദർശകർക്ക് വിലക്കുണ്ട്. 
ശബ്ദമാറ്റവും 
അധിക ഉമിനീരും ലക്ഷണമാകാം
മൃഗങ്ങളിൽ ശബ്ദമാറ്റം, ഇതിനു പുറമെ തുടർച്ചയായി മൂക്കിൽനിന്ന്‌ ദ്രാവകവും വായിൽനിന്ന്‌ ഉമിനീരും പുറന്തള്ളിക്കൊണ്ടിരിക്കുക, വയറിളക്കം എന്നിവയൊക്കെ രോ​ഗലക്ഷണമാകാം. ഇത്തരം ലക്ഷണം കണ്ടാൽ ഉടൻ അടിയന്തര ആരോഗ്യസേവനം ലഭ്യമാക്കാനാണ്‌ തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top