14 May Friday
ജില്ലയിൽ 5.09 ശതമാനം വോട്ട്‌ അധികംനേടി

എൽഡിഎഫ്‌ 
ഭൂരിപക്ഷം 2,37,907

സ്വന്തം ലേഖകൻUpdated: Wednesday May 5, 2021
തിരുവനന്തപുരം 
പതിനാലിൽ 13 മണ്ഡലവും തൂത്തുവാരി എൽഡിഎഫ്‌ ഭരണത്തുടർച്ചയ്‌ക്ക്‌ തലസ്ഥാന ജില്ല കരുത്തേകിയ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ യുഡിഎഫിനെക്കാൾ  അധികമായി ലഭിച്ചത് 2,37,907വോട്ട്. ആകെ 917033 വോട്ട്‌ ലഭിച്ചപ്പോൾ യുഡിഎഫിന്‌ 6,79,126 വോട്ടും ബിജെപിക്ക്‌ 399043 വോട്ടുമാണ്‌ ലഭിച്ചത്‌.
 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫ്‌ 5.09 ശതമാനം വോട്ട്‌ അധികം നേടി. യുഡിഎഫിന്‌ കഴിഞ്ഞ തവണത്തേക്കാൾ 1.08 ശതമാനം വോട്ട്‌ നഷ്ടമായി. അക്കൗണ്ട്‌ പൂട്ടി കളം കാലിയാക്കിയ ബിജെപിക്ക്‌ 2.81 ശതമാനം വോട്ടും കുറഞ്ഞു. 11 മണ്ഡലത്തിൽ എൽഡിഎഫ്‌ കഴിഞ്ഞ തവണത്തേക്കൾ അധികം വോട്ട്‌ നേടി. 
യുഡിഎഫിന്‌ ആകെ ലഭിച്ച കോവളം മണ്ഡലത്തിൽപോലും എൽഡിഎഫ്‌ 2016 ലേക്കാൾ 2.34 ശതമാനം വോട്ട്‌ അധികം നേടി. മൂന്ന്‌ പതിറ്റാണ്ടിന്റെ യുഡിഎഫ്‌ പ്രാതിനിധ്യത്തിന്‌ അന്ത്യംകുറിച്ച അരുവിക്കരയിൽ 2016 ലെക്കാൾ (34.5) 2021ൽ (45.82) 11.32 ശതമാനം വോട്ടാണ് എൽഡിഎഫിന്‌ ലഭിച്ചത്. വർക്കല, വാമനപുരം, നെടുമങ്ങാട്‌, കഴക്കൂട്ടം, വട്ടിയൂർക്കാവ്‌, തിരുവനന്തപുരം, പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളിലും എൽഡിഎഫ്‌ വോട്ടിങ്‌ ശതമാനത്തിൽ വലിയ മുന്നേറ്റമുണ്ടായി. 
എൽഡിഎഫ്‌ വിജയിച്ച ആറ്റിങ്ങൽ, ചിറയിൻകീഴ്‌, നേമം മണ്ഡലങ്ങളിൽമാത്രമാണ്‌ വോട്ടിങ്‌ ശതമാനത്തിൽ നേരിയ കുറവ്‌. ഇവിടങ്ങളിലെ ബിജെപി വോട്ടുകൾ കോൺഗ്രസ്‌ നേടി. 10 മണ്ഡലത്തിൽ യുഡിഎഫിന്‌ 2016 ലെക്കാൾ വോട്ട്‌ വൻതോതിൽ കുറഞ്ഞു. ദയനീയ പരാജയത്തിലും നേമം, വാമനപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ മാത്രമാണ്‌ യുഡിഎഫിന്‌ കഴിഞ്ഞ തവണത്തേക്കാൾ അധികം വോട്ട്‌ ലഭിച്ചത്‌. ഇവിടങ്ങളിലെല്ലാം ബിജെപിയുടെ വോട്ടുവിഹിതം കുത്തനെ കുറയുകയും ചെയ്‌തു. യുഡിഎഫ്‌ വിജയിച്ച കോവളത്ത്‌ അവർ 7.95 ശതമാനം വോട്ട്‌ 2016 ലേക്കാൾ അധികം നേടി. ബിജെപിക്ക്‌ 8.4 ശതമാനം വോട്ട്‌ നഷ്ടമായി. 
നിലംപരിശായ ബിജെപിക്ക്‌ 11 മണ്ഡലത്തിൽ വൻതോതിൽ വോട്ട്‌ നഷ്ടമായി. നെയ്യാറ്റിൻകര, ആറ്റിങ്ങൽ, ചിറയിൻകീഴ്‌ എന്നിവിടങ്ങളിൽമാത്രമാണ്‌ കഴിഞ്ഞ തവണത്തേക്കാൾ ബിജെപി വോട്ട്‌ അധികം നേടിയത്‌. ബിജെപി പ്രതീക്ഷ അവകാശപ്പെട്ട നേമം, വട്ടിയൂർക്കാവ്‌, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ വൻതോതിലാണ്‌ വോട്ടുകൾ നഷ്ടമായത്‌. തിരുവനന്തപുരം മണ്ഡലത്തിൽ 2016 ൽ 27.54 ശതമാനം വോട്ടുനേടിയ ബിജെപി ഇക്കുറി സിനിമാതാരത്തെ ഇറക്കിയിട്ടും 0.25 ശതമാനം വോട്ട്‌ കുറഞ്ഞു. 
വട്ടിയൂർക്കാവിൽ 3.11 ശതമാനം വോട്ടും നഷ്ടമായി. കഴക്കൂട്ടത്ത്‌ 2016ൽ 31.29 ശതമാനം വോട്ടുനേടിയ ബിജെപിക്ക്‌ ഇത്തവണ 29.05 ശതമാനം വോട്ടേ നേടാനായുള്ളൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top