15 May Saturday

ജനാഭിലാഷം
തുടർഭരണം

മിൽജിത്‌ രവീന്ദ്രൻUpdated: Monday Apr 5, 2021

ഈസ്‌റ്റർ ദിനത്തിൽ അമരവിള സിഎസ്ഐ ചർച്ചിലെത്തിയ പാറശാല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി കെ ഹരീന്ദ്രനും നെയ്യാറ്റിൻകരയിലെ സ്ഥാനാർഥി കെ ആൻസലനും വോട്ടർമാരോട്‌ സംസാരിക്കുന്നു

 
തിരുവനന്തപുരം
തുടർഭരണമെന്ന ജനാഭിലാഷത്തിനു തുല്യംചാർത്താൻ തലസ്ഥാനം ചൊവ്വാഴ്‌ച പോളിങ്‌ ബൂത്തിലേക്ക്‌.  ജില്ലയിൽ 28,19,710 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 14 മണ്ഡലത്തിലായി 99 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്‌. 
സ്ഥാനാർഥി നിർണയം ആദ്യം പൂർത്തിയാക്കി കളത്തിലിറങ്ങിയ എൽഡിഎഫിന്‌ പ്രചാരണത്തിലെ മേൽക്കൈ അവസാന ലാപ്പിലും നിലനിർത്താനായി. സ്ഥാനാർഥികൾക്കെതിരെ ഉയർന്ന പ്രതിഷേധവും, സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പവും ഉണ്ടാക്കിയ പ്രതിസന്ധികൾ പുറമേയ്‌ക്കെങ്കിലും തണുപ്പിക്കാനായി എന്നതിലാണ്‌ യുഡിഎഫ്‌ ആശ്വാസം കൊള്ളുന്നത്‌. എന്നാൽ, പല മണ്ഡലങ്ങളിലും പ്രവർത്തകരുടെ ഉള്ളിൽ നീറിപ്പുകയുന്ന അമർഷം വോട്ടിങ്ങിൽ പ്രതിഫലിച്ചേക്കുമെന്ന ആശങ്കയിലാണ്‌ നേതൃത്വം. പണക്കൊഴുപ്പിന്റെ മോടിയിൽ പ്രചാരണ കോലാഹലം സൃഷ്ടിച്ചെങ്കിലും ഏക സിറ്റിങ് സീറ്റ്‌ നിലനിർത്താനുള്ള പെടാപ്പാടിലാണ്‌ എൻഡിഎ.
2016 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌–-ഒമ്പത്‌, യുഡിഎഫ്‌–- നാല്‌, എൻഡിഎ–- ഒന്ന്‌ എന്നതായിരുന്നു ജില്ലയിലെ കക്ഷിനില. എന്നാൽ കെ മുരളീധരൻ ഉപേക്ഷിച്ചുപോയ വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പോടെ എൽഡിഎഫ്‌ അംഗബലം പത്താക്കി.  
മൂന്നു സിറ്റിങ് സീറ്റിലും എൽഡിഎഫ്‌ ഉയർത്തുന്ന ശക്തമായ വെല്ലുവിളി അതിജീവിക്കാൻ പ്രയാസപ്പെടുകയാണ്‌ യുഡിഎഫ്‌ ഇത്തവണ. കോവളം, അരുവിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിൽ അതിശക്തമായ മത്സരത്തിനാണ്‌ അരങ്ങൊരുങ്ങിയത്‌. വർഷങ്ങളായി കൈയിൽ വയ്‌ക്കുന്ന അരുവിക്കരയിൽ യുഡിഎഫ്‌ കനത്ത വെല്ലുവിളിയാണ്‌ നേരിടുന്നത്‌. സിപിഐ എമ്മിലെ ജി സ്‌റ്റീഫന്‌ മണ്ഡലത്തിൽ ലഭിച്ച സ്വീകാര്യത വിജയപ്രതീക്ഷ നൽകുന്നു. കോവളത്ത്‌ ദീർഘകാലം എംഎൽഎയും മന്ത്രിയുമായിരുന്ന നീലലോഹിതദാസൻ നാടാരുടെയും തിരുവനന്തപുരത്ത്‌ മുൻ എംഎൽഎ ആന്റണി രാജുവിന്റെയും സ്ഥാനാർഥിത്വം എൽഡിഎഫിന്‌ ആത്മവിശ്വാസം നൽകുന്നു. 
കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ്‌. ഏക സിറ്റിങ്‌ സീറ്റ്‌ നഷ്ടപ്പെടുമെന്ന്‌ ആശങ്കയിലാണ്‌ നേമത്ത്‌ ബിജെപി. തലസ്ഥാന ഭരണം പിടിച്ചെടുക്കുമെന്നും പ്രധാനമന്ത്രി എത്തുമ്പോൾ സ്വീകരിക്കുക ബിജെപി മേയറാകുമെന്നും വീമ്പിളക്കിയവർക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ  കനത്ത തിരിച്ചടിയാണ്‌ ജനം നൽകിയത്‌. നേമം മണ്ഡലത്തിലെ സജീവ സാന്നിധ്യമായ വി ശിവൻകുട്ടിയുടെ സ്ഥാനാർഥിത്വവും തുടർഭരണമെന്ന ജനാഭിലാഷവും എൽഡിഎഫിന്‌ തുണയാകും. 
കഴക്കൂട്ടത്ത്‌  കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അഞ്ചു വർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ്‌ പ്രധാന ചർച്ചാവിഷയം. വികസനത്തെ വിട്ട്‌ വിശ്വാസം പറഞ്ഞും വർഗീയ കാർഡിറിക്കിയും പ്രചാരണം നടത്തുന്ന കോൺഗ്രസ്‌–- ബിജെപി സ്ഥാനാർഥികൾക്ക്‌ കഴക്കൂട്ടത്തെ ജനത കാത്തുവച്ചതെന്തെന്ന്‌ ജനവിധിയിൽ തെളിയും. 
എട്ട്‌ സിറ്റിങ്‌ എംഎൽഎമാരെ രംഗത്തിറക്കിയ എൽഡിഎഫ്‌ വികസന തുടർച്ചയാണ്‌ ലക്ഷ്യമിടുന്നത്‌.
വർക്കലയിൽ വി ജോയി, ചിറയിൻകീഴിൽ ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, വാമനപുരത്ത്‌ ഡി കെ മുരളി, കാട്ടാക്കടയിൽ ഐ ബി സതീഷ്‌, വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്‌, നെയ്യാറ്റിൻകരയിൽ കെ ആൻസലൻ, പാറശാലയിൽ സി കെ ഹരീന്ദ്രൻ എന്നിവരിലൂടെ മണ്ഡലം നിലനിർത്താനാകുമെന്ന ഉറച്ച പ്രതീക്ഷയാണ്‌ എൽഡിഎഫ്‌ പ്രവർത്തകർ പങ്കുവയ്‌ക്കുന്നത്‌. എൽഡിഎഫിന്റെ ഉറച്ച കോട്ടയായ ആറ്റിങ്ങലിൽ യുഡിഎഫും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. 
സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന ജി ആർ അനിലിലൂടെ നെടുമങ്ങാടും നിലനിർത്താനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്‌ എൽഡിഎഫ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top