15 May Saturday
കെ മുരളീധരനെതിരെ അമർഷം

രാഹുലിന്റെ സന്ദർശനത്തിൽ സ്ഥാനാർഥികൾക്ക്‌ വിവേചനം

സ്വന്തം ലേഖകൻUpdated: Monday Apr 5, 2021
തിരുവനന്തപുരം 
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ തിരുവനന്തപുരത്തെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസ്‌ സ്ഥാനാർഥികളോട്‌ വിവേചനം കാട്ടിയതായി ആക്ഷേപം. നേമത്തെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിനായാണ്‌ രാഹുൽ തിരുവനന്തപുരത്ത്‌ എത്തുന്നത്‌ എന്നായിരുന്നു കെ മുരളീധരന്റെയും സംഘത്തിന്റെയും പ്രചാരണം. എന്നാൽ, പൂജപ്പുര മണ്ഡപത്തിന്റെ പരിസരത്ത്‌ ഒരുക്കിയ വേദിയിലേക്ക്‌ നഗര മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ വി എസ്‌ ശിവകുമാറും ഡോ. എസ്‌ എസ്‌ ലാലും വീണ എസ്‌ നായരുമെത്തി. ഇതോടെ കെ മുരളീധരൻ അസ്വസ്ഥനായി. തന്റെ മുഖം പതിച്ച മുഖംമൂടികളും തന്റെ ചിത്രത്തിനൊപ്പം രാഹുലിന്റെ ചിത്രം പതിപ്പിച്ച കൊടികളുമായി പ്രത്യേകം അണിനിരത്തിയ സംഘം ‘മുരളീരവം’ കൊഴുപ്പിക്കുന്നതിനിടയിലാണ്‌ മറ്റ്‌ സ്ഥാനാർഥികളുമെത്തിയത്‌. 
വേദിയിൽ എത്തിയ രാഹുൽ പരിഗണിക്കാത്തതിന്റെ അസ്വസ്ഥത മറ്റ്‌ സ്ഥാനാർഥികൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഷാൾ അണിയിക്കാൻ എത്തിയ ചാണ്ടി ഉമ്മനെ   രാഹുൽ നിരുത്സാഹപ്പെടുത്തിയതും കൗതുകമായി. പ്രസംഗം അവസാനിപ്പിച്ച രാഹുൽ നേമത്ത്‌ മത്സരിക്കാൻ തയ്യാറായ മുരളീധരനെ പേരെടുത്തുപറഞ്ഞ്‌ അഭിനന്ദിച്ചത്‌ എം എം ഹസനും കെ സി വേണുഗോപാലും അടക്കമുള്ള വേദിയെ അസ്വസ്ഥമാക്കി. ഇതിനിടയിൽ മറ്റ്‌ സ്ഥാനാർഥികൾക്ക്‌ കാര്യമായ പരിഗണന കിട്ടിയില്ല. പൊതുയോഗശേഷം വിമാനത്താവളത്തിലേക്ക്‌ മടങ്ങാൻ തയ്യാറായ രാഹുലിനെ എസ് എസ് ലാൽ വാഹനത്തിൽക്കയറ്റി കേശവദാസപുരം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുമാരപുരം, കണ്ണമ്മൂല പ്രദേശങ്ങളിൽ കൊണ്ടുപോയതും മറ്റുള്ള സ്ഥാനാർഥികളുടെ വിമർശനത്തിനിടയാക്കി. തന്നെ പൂർണമായും അവഗണിക്കുകയായിരുന്നുവെന്ന ആക്ഷേപം വേദിയിൽതന്നെ ശിവകുമാർ നേതാക്കളുമായി പങ്കിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top