13 May Thursday
പ്രചാരണത്തിന്‌ റോഡ് റോളർ റാലിയോടെ സമാപനം

വട്ടിയൂർക്കാവിന്‌ വി കെ പി

സ്വന്തം ലേഖികUpdated: Monday Apr 5, 2021

വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തിനായുള്ള പ്രചാരണത്തിൽനിന്ന്

തിരുവനന്തപുരം
ആവേശം വാനം തൊട്ട റോഡ് റോളർ റാലിയോടെ വട്ടിയൂർക്കാവിൽ പ്രശാന്ത് ബ്രോയുടെ പരസ്യ പ്രചാരണത്തിന് സമാപനം.  ശാസ്‌തമംഗലത്തുനിന്ന്‌ പേരുർക്കട വഴി വട്ടിയൂർക്കാവിലേക്കുള്ള റാലി നാടിന്റെ തെരഞ്ഞെടുപ്പ് പൂരമായി. 17 മാസത്തിനുള്ളിൽ 106 വീഥികൾ ഗതാഗത യോഗ്യമാക്കിയ പ്രശാന്ത് റോഡ് റോളർ റാലിയെ നയിച്ചപ്പോൾ വോട്ടർമാർ ഉത്സവ ലഹരിയിലായി.
ചുരുങ്ങിയ കാലം കൊണ്ട്‌ 1123 കോടിയുടെ വികസനം നടപ്പാക്കിയ എംഎൽഎ ബ്രോയുടെ പ്രചാരണ സമാപനം  വട്ടിയൂർക്കാവുകാർ ഹൃയത്തിലേറ്റി. പ്രശാന്തിന്റെ പ്രചാരണ വാഹനത്തിന്‌ പിന്നാലെ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ കളം നിറഞ്ഞു. കൊട്ടിക്കലാശം നിരോധിച്ചതിനാൽ റോഡ്‌ ഷോ നടത്തിയായിരുന്നു രാത്രി ഏഴോടെ പ്രചാരണം‌ അവസാനിച്ചത്‌. തുടക്കം മുതലുള്ള സജീവ പങ്കാളിത്തത്തിലൂടെ മണ്ഡലത്തിലെ ഓരോ കോണിലും വൻ മുന്നേറ്റമാണ്‌ വി കെ പ്രശാന്ത്‌ നേടിയത്‌. നാല്‌ റൗണ്ട്‌ പ്രചാരണം പൂർത്തിയായിരുന്നു.കോൺഗ്രസ്‌ നേതൃത്വത്തിൽ തുടക്കം മുതൽ നിലനിന്ന സ്ഥാനാർഥി നിർണയ തർക്കം അവരുടെ പ്രചാരണത്തെയും ബാധിച്ചിരുന്നു. 
തുടക്കത്തിൽ ജ്യോതി വിജയകുമാർ, കെ സി വേണുഗോപാൽ, പി സി വിഷ്‌ണുനാഥ്‌, സുദർശനൻ തുടങ്ങി നിരവധി പേരുകൾ ഉയർന്നിരുന്നെങ്കിലും അവസാനം വീണ എസ്‌ നായർ രംഗത്തെത്തുകയായിരുന്നു. ഇതോടെ പ്രാദേശിക കോൺഗ്രസ്‌ ഘടകത്തിൽ ഉടലെടുത്ത തർക്കം പരസ്യമായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷാണ്‌ എൻഡിഎ സ്ഥാനാർഥി. മണ്ഡലത്തിൽ ‘നേമം മോഡൽ’ നടപ്പാക്കാൻ യുഡിഎഫ് പദ്ധതി ഇതിനകം പുറത്തുവന്നിരുന്നു‌. വട്ടിയൂർക്കാവിലെ ‘ഉപകാരത്തിന്‌’ തിരുവനന്തപുരത്ത്‌ ‘പ്രത്യുപകാരം’ എന്നതാണ്‌ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ. വീണ എസ്‌ നായരുടെ സ്ഥാനാർഥിത്വവും പ്രചാരണ രംഗത്തെ കോൺഗ്രസ്‌ നേതാക്കളുടെ അസാന്നിധ്യവും അടക്കം‌ വട്ടിയൂർക്കാവിലെ ‘നേമം മോഡൽ’ വ്യക്തമാക്കുന്ന പ്രത്യക്ഷ തെളിവുകൾ ഏറെയുണ്ട്‌.
 വികസനം ചർച്ചയാക്കി നല്ല ഭാവി ഉറപ്പുനൽകി എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്ത്‌ വിജയം  ഉറപ്പിച്ചുകഴിഞ്ഞു. ആവേശ്വോജ്വലമായ പ്രചാരണത്തിലൂടെ അത്‌ വ്യക്തമാകുകയും ചെയ്തു. ഈസ്റ്റർ ദിനമായ ഞായറാഴ്ച വിവിധ ദേവാലയങ്ങൾ സന്ദർശിച്ചായിരുന്നു പ്രചാരണം ആരംഭിച്ചത്‌. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുംബയോഗങ്ങളിലും വി കെ പ്രശാന്ത്‌‌ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top