15 May Saturday

പാറശാലയിൽ 
ആവേശക്കലാശം

സ്വന്തം ലേഖകൻUpdated: Monday Apr 5, 2021

പാറശാല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി കെ ഹരീന്ദ്രൻ വെള്ളറടയിൽ റോഡ് ഷോ യ്ക്ക് മുമ്പ് പ്രവർത്തകർക്കൊപ്പം

 
വെള്ളറട
നാടിന്റെ വികസന നായകൻ സി കെ തന്നെ വീണ്ടും എന്ന്‌ ഉറപ്പാക്കി പാറശാല മണ്ഡലത്തിൽ  പരസ്യപ്രചാരണത്തിന്‌ ആവേശകരമായ പരിസമാപ്‌തി.   റോഡ്‌ ഷോ, എൽഡിഎഫ്‌ സ്ഥാനാർഥി സി കെ ഹരീന്ദ്രന്റെ വിജയം നാടിന്റെ വികസനതുടർച്ചയ്‌ക്ക്‌ അനിവാര്യമാണെന്ന്‌ ജനംകൊതിക്കുന്നതിന്റെ സാക്ഷ്യപത്രംകൂടിയായി. ഉച്ചയ്‌ക്ക്‌ വെള്ളറടയിൽനിന്ന്‌  ആരംഭിച്ചതുമുതൽ  അലതല്ലിയ ആവേശം സമാപന കേന്ദ്രത്തിലെത്തിയപ്പോഴേക്കും കൊടുമുടികയറി. അഞ്ച്‌ വർഷം 1300 കോടിയിലേറെ രൂപയുടെ വികസനം നാടിന്റെ മുക്കിലും മൂലയിലുമെത്തിച്ച എംഎൽഎ വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹം മണ്ഡലമാകെ അലയടിക്കുന്നുണ്ടെന്ന്‌ റോഡ്‌ ഷോയെ വരവേൽക്കാൻ ഓടിയെത്തിയ ജനങ്ങളുടെ സ്‌നേഹവായ്‌പിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. 
പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും ‘വികസനം വിജയിക്കും, സി കെ വീണ്ടും നയിക്കും’ എന്ന മുദ്രാവാക്യമാണ്‌ എങ്ങും ഉയർന്നുകേട്ടത്‌. നാടിന്റെ സ്‌നേഹവായ്‌പിൽ ലയിച്ച സി കെ ഹരീന്ദ്രന്റെ വാക്കുകളിലും സുനിശ്‌ചിത വിജയത്തിന്റെ ദൃഢനിശ്‌ചയം വ്യക്തം ‘എൽഡിഎഫിനോടുള്ള ജനങ്ങളുടെ ആത്‌മാർഥതയാണ്‌ പത്ത്‌ ദിവസത്തെ പൊതുപര്യടനത്തിനും അവസാന ദിവസങ്ങളിലെ റോഡ്‌ ഷോകൾക്കും ലഭിച്ച ആവേശകരമായ സ്വീകരണങ്ങൾ പ്രതിഫലിപ്പിച്ചത്‌. പിണറായി സർക്കാരിന്റെ രണ്ടാം വരവിന്‌ വേണ്ടിയുള്ള ബഹുജനങ്ങളുടെ ആകാംക്ഷ സ്വീകരണ കേന്ദ്രങ്ങളിലെത്തിയ ആബാലവൃദ്ധത്തിന്റെയും കണ്ണുകളിൽനിന്ന്‌ വായിച്ചെടുക്കാനാകുമായിരുന്നു. കർഷകരും തൊഴിലാളികളും സാധാരണക്കാരും പാവപ്പെട്ടവരുമായ വോട്ടർമാരെല്ലാം എൽഡിഎഫിനൊപ്പമായിരിക്കുകയാണ്‌. ഭൂരിപക്ഷം വർധിക്കുമെന്നതിൽ സംശയമില്ല’’–- സി കെ ഹരീന്ദ്രൻ പറഞ്ഞു. കൊട്ടിക്കലാശത്തിന്‌ വിലക്കുണ്ടായതിനാൽ നിയന്ത്രണങ്ങളോടെ നടത്തിയ റോഡ്‌ ഷോയ്‌ക്കൊപ്പം ഓട്ടോറിക്ഷകളിലും മറ്റുവാഹനങ്ങളിലുമായി എൽഡിഎഫ്‌ നേതാക്കളും പ്രവർത്തകരും അനുഗമിച്ചു. രാത്രി‌ ഏഴോടെ റോഡ്‌  ഷോ ഒറ്റശേഖരമംഗലത്ത്‌ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top