28 May Thursday
ഒത്താശ നൽകി എസ്‌എച്ച്‌ഒ

പൊലീസ്‌ സ്‌റ്റേഷനിൽ ആർഎസ്‌എസിന്റെ ശുചീകരണ പ്രഹസനം

സ്വന്തം ലേഖകൻUpdated: Sunday Apr 5, 2020
വർക്കല 
-ഫയർ ഫോഴ്‌സ്‌ അണുവിമുക്തമാക്കിയ പ്രദേശങ്ങളിൽ ശുചീകരണത്തിന്റെ പേരിൽ ആർഎസ്‌എസിന്റെ പ്രഹസനത്തിന്‌ പൊലീസ്‌ ഉദ്യോഗസ്ഥന്റെ ഒത്താശ. 
അയിരൂർ  സ്റ്റേഷനിലെ എസ്‌എച്ച്‌ഒ രാജ്‌കുമാറാണ്‌ രാഷ്ട്രീയബന്ധത്തിന്റെ പേരിൽ നിയമവിരുദ്ധ ശുചീകരണത്തിന്‌ ഒത്താശ ചെയ്‌തത്‌. പൊലീസ്‌ സ്‌റ്റേഷനിൽ രാഷ്ട്രീയ പാർടികളുടെ ബാനറിൽ ശുചീകരണം പാടില്ലെന്നിരിക്കെയാണ്‌ ഇദ്ദേഹം ആർഎസ്‌എസുകാരെ വരുത്തി സ്‌റ്റേഷനിൽ ശുചീകരണം സംഘടിപ്പിച്ചത്‌.  
കഴിഞ്ഞ ദിവസം  വർക്കല ഫയർഫോഴ്‌സ്‌ ഈ പൊലീസ്‌ സ്‌റ്റേഷൻ അണുവിമുക്തമാക്കി മടങ്ങിയശേഷമാണ്‌ ഫോട്ടോ പ്രചരിപ്പിക്കാനായി ആർഎസ്‌എസുകാരെ വിളിച്ച്‌ പോഷക സംഘടനയുടെ ബാനർ സ്‌റ്റേഷനിൽ  പ്രദർശിപ്പിച്ച്‌ ശുചീകരണം നടത്തിച്ചത്‌. 
സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരോട്‌ രാഷ്ട്രീയ പക സൂക്ഷിക്കുന്നയാളണ്‌ എസ്‌എച്ച്‌ഒ. ഇയാൾ ആർഎസ്‌എസുകാരെ സിപിഐ എം ഓഫീസ്‌ പരിസരത്തേക്ക്‌ അയച്ച്‌ അവിടെയും ശുചീകരണം നടത്തിയതായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ഒത്താശചെയ്‌തു. 
അതേസമയം, റേഷൻകടകൾക്കുമുന്നിൽ കോവിഡ്‌ കാലത്ത്‌ ലഭിക്കുന്ന സൗജന്യ  അരിയുടെയും ഗോതമ്പിന്റെയും അളവ്‌ എഴുതി ഡിവൈഎഫ്‌ഐ വച്ച ബോർഡ്‌ എസ്‌എച്ച്‌ഒ രാജ്‌കുമാർ നീക്കം ചെയ്യുകയുമുണ്ടായി. പൊലീസ്‌ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തിനെതിരെ ഡിവൈഎഫ്‌ഐ  ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ പരാതി നൽകി.
 

 

പ്രധാന വാർത്തകൾ
 Top