19 November Tuesday

മണികണ്‌ഠേശ്വരം ആർഎസ്‌എസ്‌ ഭീകരതയിൽ

സ്വന്തം ലേഖകൻUpdated: Monday Nov 4, 2019

ആർഎസ്‌എസ്‌ ആക്രമണത്തിൽ പരിക്കേറ്റ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കഴിയുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി സന്ദർശിച്ചപ്പോൾ

പേരൂർക്കട 
നിയമസഭാ ഉപതെരഞ്ഞെടുപ്പോടെ വട്ടിയൂർക്കാവ്‌ നിയോജകമണ്ഡലത്തിൽ അടിത്തറ ഇളകുന്നതിൽ കലിപൂണ്ട ആർഎസ്‌എസ്‌ ഭീകരതയിൽ വിറങ്ങലിച്ച്‌ മണികണേ്‌ഠശ്വരവും പരിസരവും. ഡിവൈഎഫ്‌ഐ പുതിയ യൂണിറ്റ്‌ രൂപീകരിച്ചതിൽ കലിപൂണ്ടാണ്‌ സംഘപരിവാർ അക്രമം അഴിച്ചുവിട്ടത്‌. അക്രമസംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ നേതാക്കളെയും പൊലീസിനെയും ആർഎസ്‌എസ്‌ ക്രിമിനലുകൾ നിഷ്‌ഠുരമായി ആക്രമിക്കുകയായിരുന്നുവെന്ന്‌ പരിസരവാസികൾ പറഞ്ഞു.
 
ഞായറാഴ്‌ച രാവിലെ കൊടിമരം പിഴുതെറിഞ്ഞ്‌ കൊലവിളി തുടങ്ങിയ ആർഎസ്‌എസ്‌ സംഘം ഉച്ചയോടെ ഭീകരതാണ്ഡവം തുടങ്ങുകയായിരുന്നു. 
വർഷങ്ങളായി മണികണ്ഠേശ്വരം ക്ഷേത്രപരിസരം കേന്ദ്രീകരിച്ചാണ് ആർഎസ്എസ് ആയുധപരിശീലനവും ഗുണ്ടാവിളയാട്ടവും നടത്തിവരുന്നത്. മറ്റ് രാഷ്ട്രീയ സംഘടനകൾ ഈ പ്രദേശത്ത്‌ പ്രവർത്തിക്കാൻ പാടില്ല എന്നാണ്‌ ആർഎസ്‌എസ്‌ നിലപാട്‌. ‘‘ഇത്‌ ആർഎസ്എസ് ഗ്രാമമാണ്; ഇവിടെ വേറൊരുത്തനും വേണ്ട’’ എന്നാക്രോശിച്ചായിരുന്നു ഞായറാഴ്‌ച  ഡിവൈഎഫ്ഐ നേതാക്കളെയും പ്രവർത്തകരെയും വളഞ്ഞിട്ട്‌ തല്ലിച്ചതച്ചത്‌. മണികണ്ഠേശ്വരത്ത് പുതുതായി ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വോട്ട് വർധിക്കുകയും ചെയ്തിരുന്നു. ഇതിൽ വിറളിപൂണ്ട് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ദിവസങ്ങളായി ശ്രമിക്കുകയാണ് സംഘപരിവാരം.
 
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും മണികണ്ഠേശ്വത്ത് സംഘർഷം സൃഷ്ടിക്കാനും ആർഎസ്എസ് ശ്രമം നടന്നിരുന്നു. ക്രിമിനൽ ആസാം അനിയും നരവേട്ടയ്‌ക്ക്‌ മുന്നിലുണ്ട്‌. പ്രതികരിക്കുന്നവരുടെ  വീട്ടിൽ കയറി സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയാണ് പതിവ്.
പ്രധാന വാർത്തകൾ
 Top