15 October Tuesday
ലോ കോളേജ്‌ അക്രമം

കെഎസ്‌യുക്കാർക്ക്‌ ആശുപത്രിസെല്ലിൽ സുഖവാസം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
തിരുവനന്തപുരം
ഗവ. ലോകോളേജിൽ എസ്‌എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കെഎസ്‌യുക്കാർക്ക്‌ മെഡിക്കൽ കോളേജാശുപത്രി സെൽ റൂമിൽ സുഖവാസം. അർജുൻ ബാബു, ആർ പി നിഖിൽ എന്നിവരാണ്‌ എല്ലാവിധ സുഖസൗകര്യങ്ങളോടെ വിഹരിക്കുന്നത്‌.
 
റിമാൻഡിലായശേഷം ഒരുദിവസംപോലും ഇവർ ജയിലിൽ കഴിഞ്ഞിട്ടില്ല. സെല്ലിൽ മൊബൈൽ ഫോണുൾപ്പെടെ ഇവർ ഉപയോഗിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്‌. കുടുംബാംഗങ്ങളും കെഎസ്‌യു പ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ സന്ദർശകരായി എത്തുന്നുണ്ട്‌.  സന്ദർശനങ്ങൾക്കുള്ള നിയന്ത്രണങ്ങളും വിലക്കുകളും ഇരുവർക്കും ബാധകമല്ലാത്ത സ്ഥിതിയാണ്‌. കഴിഞ്ഞദിവസം ഇത്തരത്തിലുള്ള സന്ദർശനം വീഡിയോയിൽ പകർത്തിയപ്പോൾ സന്ദർശകർ മുങ്ങി. കാര്യമായ പരിക്കുകൾ ഇരുവർക്കും ഇല്ലെന്നാണ്‌ വിവരം. ഈ സാഹചര്യത്തിൽ ഇരുവരുടെയും പരിക്ക്‌, ചികിത്സ എന്നിവയുടെ വിശദാംശങ്ങൾ തേടാൻ ഒരുങ്ങുകയാണ്‌ ജയിൽ അധികൃതർ. ബുധനാഴ്‌ച മെഡിക്കൽ കോളേജാശുപത്രി സൂപ്രണ്ടിനോട്‌  പൂജപ്പുര സബ്‌ജയിൽ സൂപ്രണ്ട്‌ റിപ്പോർട്ട്‌ തേടും.
 
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ കെഎസ്‌യുക്കാർ പുറത്തുനിന്നെത്തിയ ഗുണ്ടകളുടെ നേതൃത്വത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചത്‌. ഒന്നാംവർഷ വിദ്യാർഥിയെ റാഗ്‌ ചെയ്‌തത്‌ എസ്‌എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്‌തതിന്റെ വൈരാഗ്യത്തിലായിരുന്നു ഇത്‌. ഏഴ്‌ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top