17 September Tuesday

പെരിങ്ങമ്മല മാലിന്യപ്ലാന്റ്: സർക്കാർ നിലപാട് സ്വാഗതാര്‍ഹം–എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019
സ്വന്തം ലേഖകൻ
തിരുവനന്തപുരം 
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ എൽഡിഎഫ് ജില്ലാകമ്മിറ്റി  സ്വാഗതം ചെയ്തു.  ഈ ആവശ്യം ഉന്നയിച്ച് എൽഡിഎഫ് ജില്ലാ നേതാക്കളും ജില്ലാ, ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വവും കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ ചർച്ചയിൽ പ്ലാന്റ് ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി  ഉറപ്പ് നൽകി. 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ, കോലിയക്കോട് കൃഷ്ണൻ നായർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ഡി കെ മുരളി എംഎൽഎ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, വൈസ്‌ പ്രസിഡന്റ് കുഞ്ഞുമോൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയത്.  
 
സംസ്ഥാനത്ത് മാലിന്യത്തിൽനിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഏഴ്‌ പ്ലാന്റ്‌ സ്ഥാപിക്കാൻ സർക്കാർ നടപടി തുടങ്ങി.  മാലിന്യ സംസ്കരണമാണ്‌ പ്രധാന ലക്ഷ്യം. ജില്ലയിൽ പെരിങ്ങമ്മല പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ അഗ്രികൾച്ചർ ഫാമിന്റെ 15 ഏക്കർ സ്ഥലമാണ്‌ പ്ലാന്റ്‌ നിർമാണത്തിന്‌ നിർദേശിക്കപ്പെട്ടത്. കോഴിക്കോട്ടും എറണാകുളത്തും ടെണ്ടർ നടപടികളായി. പെരിങ്ങമ്മലയിൽ  പ്രാരംഭനടപടികളുമായിട്ടില്ല. 
പദ്ധതി നിർദേശം വന്നതുമുതൽ ജനങ്ങളിൽ ആശങ്കയും പ്രതിഷേധവും ഉയർന്നു. അന്നുതന്നെ പദ്ധതി ഈ പ്രദേശത്തു പാടില്ലെന്നുകാട്ടി  എൽഡിഎഫ് ജില്ലാ നേതൃത്വം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നേരിൽ നിവേദനം നൽകി. ആവശ്യമായ പരിശോധനയും പരിഹാരവും ഉണ്ടാവുമെന്ന് അന്നുതന്നെ ഉറപ്പു ലഭിച്ചു. അതിനാലാണ്‌ മാലിന്യപ്ലാന്റ് വരില്ലെന്ന് എൽഡിഎഫ് നേതാക്കളും മന്ത്രിമാരും പരസ്യമായി പ്രഖ്യാപിച്ചത്‌. ഇതെല്ലാം തെരെഞ്ഞെടുപ്പിനായുള്ള തെറ്റിദ്ധാരണ പരത്തലാണെന്നായിരുന്നു യുഡിഎഫ്‌ പ്രചാരണം. 
 
തുടക്കംമുതലുള്ള എൽഡിഎഫ് നിലപാട് ശരിയാണെന്ന്‌ ഇപ്പോൾ വ്യക്തമായി. എൽഡിഎഫ് സർക്കാരും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ്‌ സ്വീകരിച്ചത്‌. പ്ലാന്റ്‌ പ്രശ്‌നത്തിൽ ജനങ്ങൾക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന ഉറപ്പാണ്‌ മുഖ്യമന്ത്രി നൽകിയിട്ടുള്ളത്‌. 
മറിച്ചുള്ള പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അഭ്യർഥിച്ചു. ആനാവൂർ നാഗപ്പൻ, ജി ആർ അനിൽ, കോലിയക്കോട് കൃഷ്ണൻ നായർ, വി കെ മധു, ഡി കെ മുരളി എംഎൽഎ, കുഞ്ഞുമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

 

പ്രധാന വാർത്തകൾ
 Top