11 August Thursday
ഞായറും സേവനം

90 ശതമാനം ജീവനക്കാരും 
ജോലിക്കെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഞായറാഴ്‌ച കോർപറേഷൻ ഓഫീസ്‌ മേയർ ആര്യ രാജേന്ദ്രൻ സന്ദർശിക്കുന്നു

തിരുവനന്തപുരം
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഞായറും പ്രവൃത്തിദിനമാക്കി കോർപറേഷൻ. കോർപറേഷൻ മെയിൻ ഓഫീസ്, 11 സോണൽ ഓഫീസ്‌, സർക്കിൾ ഓഫീസുകളെല്ലാം പതിവുപോലെ തുറന്നുപ്രവർത്തിക്കുകയും പൊതുജനങ്ങൾക്ക് സേവനം നൽകുകയും ചെയ്തു.  90 ശതമാനം ജീവനക്കാരും ഓഫീസിൽ ഹാജരായി. വരുംദിവസങ്ങളിൽ സോണൽ ഓഫീസുകൾ ഉൾപ്പെടെ ചുമതലപ്പെട്ട സ്റ്റാൻഡിങ്‌ സമിതി ചെയർമാൻമാരുടെ നേതൃത്വത്തിലും തുടർന്ന് മേയറുടെ നേതൃത്വത്തിലും ഫയൽ തീർപ്പാക്കൽ നടപടികൾ സ്വീകരിക്കും. സർക്കാരിനോടൊപ്പം ചേർന്ന്‌ കുടിശ്ശിക ഫയൽരഹിത കോർപറേഷൻ എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുകയാണെന്ന് മേയർ അറിയിച്ചു. അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരായ മുഴുവൻ ജീവനക്കാർക്കും മേയർ നന്ദി അറിയിച്ചു .
റവന്യുവിൽ തീർപ്പാക്കി 2049 ഫയൽ
ജില്ലയിൽ ഞായറാഴ്‌ച റവന്യുവകുപ്പിൽ തീർപ്പാക്കിയത്‌ 2049 ഫയൽ. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്‌ചയും സർക്കാർ ഓഫീസുകൾ തുറന്നുപ്രവർത്തിക്കുകയും ഫയലുകൾ തീർപ്പാക്കുകയും ചെയ്‌തു. കലക്ടറേറ്റിൽ 407, താലൂക്കുകളിൽ 1596, വില്ലേജ്‌ ഓഫീസുകളിൽ 46 ഫയലും തീർപ്പാക്കി. അവധി ദിനം കണക്കിലെടുക്കാതെ ഭൂരിഭാഗം ജീവനക്കാരും ഓഫീസിൽ എത്തി. കലക്ടർ നവ്‌ജ്യോത്‌ ഖോസ കലക്ടറേറ്റിലെ മുഴുവൻ ഓഫീസും സന്ദർശിച്ചു. 
കോവിഡ്‌ കാലത്ത്‌ ഓഫീസുകൾ അടഞ്ഞുകിടന്നത്‌ കാരണം തീർപ്പാകാതിരുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ കലക്ടർ ജീവനക്കാരോട്‌ ആവശ്യപ്പെട്ടു. ജീവനക്കാരെയും സംഘടനകളെയും കലക്ടർ അഭിനന്ദിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്‌ ജെ അനിൽ ജോസ്‌, ഹുസൂർ ശിരസ്‌തദാർ എസ്‌ രാജശേഖരൻ എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top