20 April Tuesday

കുതിച്ചുപായും കാട്ടാക്കട

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കീഴാറൂർ പാലത്തിന്റെ മുടങ്ങിക്കിടന്ന നിർമാണം പൂർത്തിയാക്കിയപ്പോൾ

തിരുവനന്തപുരം

കാട്ടാക്കട മണ്ഡലത്തിലെ റോഡ്‌ നവീകരണത്തിന്‌ നീക്കിവച്ചത്‌ 380.35 കോടി രൂപ. ആറു പാലങ്ങൾക്ക്‌ നീക്കിവച്ചത്‌ 31 കോടിയും.  റോഡുകൾക്കും പാലങ്ങൾക്കുമായുള്ള അഞ്ചുവർഷത്തിലെ വകയിരുത്തൽ 411.35 കോടി രൂപയാണ്‌. പൊതുമരാമത്ത്‌ വകുപ്പ്‌ റോഡുകളുടെ നവീകരണത്തിന്‌ 297 കോടി രൂപ ചെലവിട്ടു. മരാമത്ത്‌ ഫണ്ടിനുപുറമെ, ഗ്രാമീണ റോഡ്‌ വികസനത്തിനായി 10.53 കോടി രൂപ നീക്കിവച്ചു. മുഖ്യമന്ത്രിയുടെ റോഡ്‌ വികസന പദ്ധതിയിൽനിന്ന്‌ 10.83 കോടിയും ചെലവഴിച്ചു. മൂന്നു റോഡുകൾക്ക്‌ കിഫ്‌ബി സഹായം 61.99 കോടിയുണ്ട്‌. കരമന–-കളിയിക്കാവിള ദേശീയപാതാ വികസനത്തിന്റെ ഭാഗമായ പ്രവച്ചമ്പലം–-കൊടിനട റോഡിന്റെ നിർമാണവും പൂർത്തിയായതോടെ മണ്ഡലത്തിൽ ബൃഹത്തായ റോഡ്‌ ശൃംഖലയാണ്‌ ഒരുങ്ങിയത്‌. അഞ്ചര കോടി രൂപയിൽ നിർമിച്ച കിള്ളി–-തൂങ്ങാംപാറ–അമ്പലത്തിൻകാല റോഡ്‌, നാലുകോടിയിൽ പൂർത്തിയാക്കിയ മേച്ചിറ–-ശാസ്‌താംപാറ–-വിളപ്പിൽശാല റോഡ്‌, 4.95 കോടിയിൽ കുണ്ടുമൺകടവ്‌–-പേയാട്, -പേയാട്‌ മാർക്കറ്റ് ജ‌ങ്‌ഷൻ–-പിടാരം‌ റോഡ്‌ എന്നിവയും ഉൾപ്പെടുന്നു.  ബിഎംബിസി നിലവാരത്തിലാണ്‌ മിക്ക റോഡുകളും. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ഐറിഷ്‌ ഡ്രെയിനേജ്‌ സംവിധാനം, സംരക്ഷണ ഭിത്തി, ക്രാഷ്‌ ബാരിയറുകൾ, ക്രോസ്‌ ഡക്ടുകൾ, സൈൻ ബോർഡുകൾ എന്നിവയും ഉൾപ്പെടുന്ന സൗകര്യങ്ങളുമൊരുക്കി. നവീകരിക്കപ്പെട്ട റോഡുകളിൽ കാൽനടയാത്രക്കാർക്കായി അനുബന്ധ സൗകര്യങ്ങളുമുണ്ട്‌. വാഹനപ്പെരുപ്പം മുൻകൂട്ടികണ്ടാണ്‌ പേയാട്‌ പള്ളിമുക്ക്‌,  ദേശീയപാതയിലെ ബാലരാമപുരം മേഖലയിൽ റോഡ്‌ നിർമാണം ഏറ്റെടുത്തത്‌.

കിഫ്‌ബിയിൽ 62 കോടി

കിഫ്‌ബി സഹായത്തിൽ വികസനത്തിന്‌ മൂന്ന്‌ റോഡ്‌ തെരഞ്ഞെടുത്തു. അടങ്കൽ 61.99 കോടി. കിള്ളി–-ഇഎംഎസ്‌ അക്കാദമി–-മണലി–-മേച്ചിറ റോഡ്‌ (16.24 കോടി), പൊട്ടൻകാവ്‌–-നെല്ലിക്കാട്‌–-ചീനിവിള–-ഊന്നാംപാറ–-തെരളിക്കുഴി–-മുണ്ടുകോണം റോഡ്‌ (18.75 കോടി), ചൊവ്വള്ളൂർ–-മൈലാടി–-നെടുംകുഴി–-പരുത്തൻപാറ–-സിഎടി കോളേജ്‌ റോഡ്‌ (27 കോടി) എന്നിവയാണ്‌ നിർമാണം തുടങ്ങിയത്‌. 

31 കോടി  6 പാലം

കാട്ടാക്കട–-വട്ടിയൂർക്കാവ്‌ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കുലശേഖരം പാലത്തിന്റെ അടങ്കൽ 12.5 കോടി രൂപ. മാറനല്ലൂർ പഞ്ചായത്തിൽ പോങ്ങുംമൂട്‌–-പുന്നാവൂർ പാലം നിർമാണം‌ 4.10 കോടിയിൽ. മലയം പാലവും അനുബന്ധ റോഡുകളും സമയബന്ധിതമായി പൂർത്തിയായി. മുടങ്ങിക്കിടന്ന കീഴാറൂർ പാലം, മൂന്നാറ്റുമുക്ക്‌ പാലവും അനുബന്ധ റോഡുകളും പദ്ധതികൾ പൂർത്തിയാക്കി. കാട്ടാക്കട–-പാറശാല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കടുവീട്ടിക്കടവ്‌ പാലം നിർമാണത്തിന്‌ 12.5 കോടിയാണ്‌ ചെലവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top