10 August Monday
ദേശീയ വേദസമ്മേളനം ജനുവരി 2 മുതൽ

ചെമ്പൈ പുരസ്‌കാരത്തിന്‌ സമാനമായി ശ്രീപത്മനാഭം സാംസ്‌കാരിക പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
 
തിരുവനന്തപുരം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം–- ലക്ഷദീപത്തോടനുബന്ധിച്ച് ശ്രീപത്മനാഭം സാംസ്‌കാരിക പുരസ്‌കാരം ഏർപ്പെടുത്തി. ഗുരുവായൂർ ദേവസ്വത്തിലെ ചെമ്പൈ പുരസ്‌കാരത്തിന് സമാനമായി കലാസാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം നൽകുന്നത്. ഒരുലക്ഷംരൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്‌ ഈ വർഷം വേദശാസ്ത്രരംഗത്തെ മികവിനാണ്‌ നൽകുക. ഇനിമുതൽ എല്ലാ വർഷവും കലാ–-സാംസ്‌കാരിക രംഗത്തെ പ്രമുഖർക്ക്‌ പുരസ്‌കാരം നൽകുമെന്ന്‌ എക്‌സിക്യൂട്ടീവ് ഓഫീസർ വി രതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.     ജനുവരി 2 മുതൽ 5 വരെ ദേശീയ വേദസമ്മേളനം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ നടക്കും. ഓരോദിവസവും ഋക്, യജുർ, സാമം, അഥർവ വേദങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതർ പ്രബന്ധങ്ങളും പ്രഭാഷണവും അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. വരുംവർഷങ്ങളിൽ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ദേശീയ നൃത്തസംഗീതമേള, വേദസമ്മേളനം എന്നിവ നടക്കും. ശ്രീപത്മനാഭം പുരസ്‌കാര സമർപ്പണവും ഈ വേദിയിൽ നടത്തും.  മുറജപത്തിന്‌ ആഴ്വാഞ്ചേരി തമ്പ്രാക്കളെയും മറ്റ് മലയാള വൈദികരെയും തിരുനാവായയിൽ പോയി ക്ഷണിക്കും. 
മതിലകം ഓഫീസിൽനിന്ന് നേരത്തെ കത്തയച്ചിരുന്നു. മുറജപത്തിന്റെ അവസാനമുറയിലാണ് ഇവർ എത്താറുള്ളത്. ഇക്കുറിയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top