03 August Monday
കടത്തിയത്‌ സ്കൂളിൽ സൂക്ഷിച്ച മിച്ചംവന്ന അരി

സമൂഹ അടുക്കളയിലെ 37 ചാക്ക്‌ അരി കടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

അരി കടത്തല്‍ നാട്ടുകാർ തടഞ്ഞപ്പോൾ

നെടുമങ്ങാട് 

സമൂഹ അടുക്കളയിൽ ബാക്കിവന്ന 37 ചാക്ക്‌ അരിയും അനുബന്ധ സാധനങ്ങളും കോൺഗ്രസ്‌ പഞ്ചായത്തംഗങ്ങൾ വീടുകളിലേക്ക്‌ കടത്തി. ആനാട് പഞ്ചായത്ത് ഭരണസമിതിയിലെ 4 പേരാണ്‌ അരി കടത്തിയത്‌. അംഗങ്ങൾക്കും സാധനം കടത്താൻ ഉപയോഗിച്ച വാഹനങ്ങളിലെ ഡ്രൈവർമാർക്കുമെതിരെ പൊലീസ് കേസെടുത്തു. ആനാട് ഗവ. എല്‍പി സ്‌കൂളിൽ സൂക്ഷിച്ചിരുന്ന അരിയും സാധനങ്ങളുമാണ് വ്യാഴാഴ്ച ഉച്ചയോടെ സ്കൂള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തിയത്. പഞ്ചായത്തംഗങ്ങളായ അക്ബര്‍ഷാ, വിജയരാജ്, പ്രഭ, സിന്ധു എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. അക്‌ബർഷായുടെ ഓമ്‌നി വാനിലും ഓട്ടോകളിലുമായിരുന്നു‌ അരിക്കടത്ത്‌‌. രണ്ട്‌ ചാക്ക്‌ അരി വഴിയിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട്‌ കണ്ടെത്തി. സ്കൂളിലെ പമ്പുസെറ്റ് ഘടിപ്പിച്ചിരിക്കുന്ന മുറിയിലാണ് അരിയും സാധനങ്ങളും സൂക്ഷിച്ചിരുന്നത്. 58 ചാക്ക് അരിയും പയറും അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നു. അക്ബര്‍ഷായുടെ നേതൃത്വത്തില്‍ സ്കൂളിലെത്തി പമ്പു സെറ്റ് പരിശോധിക്കാനെന്ന വ്യാജേനയാണ്‌ സാധനം  കടത്തിയത്‌. വിവരം അറിഞ്ഞെത്തിയ പ്രധാനാധ്യാപിക നാട്ടുകാരെയും പിടിഎ ഭാരവാഹികളെയും അറിയിച്ചു. തുടർന്ന്‌ സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓട്ടോ തടഞ്ഞു. അപ്പോഴേക്കും 37 ചാക്ക്‌ അരി കടത്തിയിരുന്നു. ഇനി 21 ചാക്ക്‌ അരി മാത്രമേ ഉള്ളൂ. മിച്ചംവന്ന സാധനങ്ങള്‍ സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന് കാട്ടി ഏതാനും ദിവസംമുമ്പ് പഞ്ചായത്തിന്‌ അപേക്ഷ നല്‍കിയിരുന്നു. ഇത് പഞ്ചായത്ത്‌ കോൺഗ്രസ്‌ ഭരണസമിതി പരിഗണിച്ചില്ല. അതിനിടെയാണ്‌‌  മോഷണം. വലിയമല സിഐയും നെടുമങ്ങാട്  എസ്ഐയും സ്ഥലത്തെത്തി. മെമ്പര്‍മാര്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍ക്കും എതിരെ കേസെടുത്തു. സ്‌കൂൾ അധികൃതരുടെ പരാതിയിലാണ്‌ കേസ്‌. പഞ്ചായത്തിലെ എൽഡിഎഫ്‌ അംഗങ്ങൾ മുഖ്യമന്ത്രിക്ക്‌ പരാതി അയച്ചു.  സിപിഐ എം നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top