കഴക്കൂട്ടം
കേരള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക മാർക്കറ്റ് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെ സ്റ്റോറുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കാൻ സൗകര്യമൊരുക്കും. കൊച്ചുവേളിയിലെ വ്യവസായ എസ്റ്റേറ്റിൽ പപ്പട് ക്ലസ്റ്ററിലെ (അനന്തപുരം പപ്പട് ക്ലസ്റ്റർ അസോസിയേഷൻ) കോമൺ ഫെസിലിറ്റി സെന്റർ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അടുത്ത വർഷം ആദ്യം നിർമാണം പൂർത്തിയാക്കും. ക്ലസ്റ്റർ നിലവിൽ വരുന്നതോടെ ചെലവുകുറച്ച് ഗുണനിലവാരമുള്ള പപ്പടം കൂടുതലായി നിർമിക്കാനാകും. ഇവ കേരള ബ്രാൻഡിൽ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ച് കോടി രൂപ ചെലവിലാണ് സെന്റർ നിർമിക്കുന്നത്. പ്രതിദിനം 24 ടൺ ഉൽപ്പാദന ശേഷിയുള്ളതാണ് പ്ലാന്റ്, 24 ടൺ ശേഷിയുള്ള ഉഴുന്ന് പൊടി നിർമാണ പ്ലാന്റ്, നാലുടൺ ശേഷിയുള്ള റൈസ് ക്ലീനിംഗ്, വാഷിംഗ് പ്ലാന്റ്, നാലുടൺ ശേഷിയിൽ അരിപ്പൊടി ഉൽപ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടാകും.
എംഎസ്എംഇകൾക്ക് ഗുണമേന്മയുള്ള പപ്പടം കുറഞ്ഞ സമയത്തിൽ ഉൽപ്പാദിപ്പിക്കാനാകും. കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംസ്ഥാന വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
മന്ത്രി ആന്റണി രാജു അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ജി രാജീവ്, കെബിപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എസ് സൂരജ്, ജി എസ് പ്രകാശ്, എസ് അജിത്, എൽ ക്ലിനസ് റൊസാരിയോ, എബ്രഹാം സി ജേക്കബ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..