13 July Monday

തീർഥാടന ഇടനാഴി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

കേന്ദ്ര സർക്കാർ റദ്ദാക്കിയ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി ജോയി എംഎൽഎ നടത്തിയ സത്യഗ്രഹ സമരം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വർക്കല
സംസ്ഥാന താൽപ്പര്യങ്ങൾ ബലികഴിക്കുന്ന കേന്ദ്രസർക്കാർ ശിവഗിരി തീർഥാടന ഇടനാഴി പദ്ധതി നടപ്പാക്കാൻ തയ്യാറാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കേന്ദ്രസർക്കാർ റദ്ദാക്കിയ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി ജോയി എംഎൽഎ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ടുമാത്രം ലക്ഷ്യമാക്കിയുള്ള ഉദ്ഘാടനമാണ് മുൻ കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനവും കുമ്മനം രാജശേഖരനും നടത്തിയത്. ബിജെപിയുടെ രാഷ്ട്രീയം ശ്രീനാരായണഗുരുവിനും ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ഒത്തുചേരുന്നതല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വോട്ടിനെക്കാൾ പ്രാധാന്യം ശ്രീനാരായണഗുരുവും ഗുരുവിന്റെ പ്രസ്ഥാനങ്ങളുമാണ്. സംസ്ഥാന സർക്കാരിന്റെ ശിവഗിരി തീർഥാടന ഇടനാഴി റദ്ദാക്കിയ നടപടി നീചവും അനീതിയുമാണ്. ഗുരുവിനെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും അവഗണിക്കുകയാണ് ബിജെപി സർക്കാർ ചെയ്‌തത്‌–- -അദ്ദേഹം പറഞ്ഞു.
 
വർക്കല മൈതാനത്ത്  വൈകിട്ട് 5ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. പ്രധാനമന്ത്രിക്കുള്ള നിവേദനം വി ജോയി എംഎൽഎ മന്ത്രിക്ക് കൈമാറി. ഉപവാസ സമരത്തിൽ വർക്കല നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം എസ് ഷാജഹാൻ എന്നിവരും അംഗങ്ങളായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി, ഏരിയ സെക്രട്ടറി എസ് രാജീവ്, ജെ ശശാങ്കൻ, സിജോവ് സത്യൻ, കെ എം ലാജി, വി സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top